നാടകീയതനിറഞ്ഞ പകലും രാത്രിയും; എസ്.ഐ.ടി. പുറത്തേക്ക്, എക്‌സൈസ് അകത്തേക്ക്; നേരംപുലർന്നപ്പോൾ അറസ്റ്റ്

കൊച്ചി: ഒരു പകലും രാത്രിയും നീണ്ട പരിശോധന. നാടകീയ നീക്കങ്ങൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ നേരം പുലർന്നപ്പോൾ അറസ്റ്റും. അർജന്റീനാ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പുരേഖകൾ തേടിയുള്ള പരിശോധനയ്ക്കിടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടർ ടി.വി. എം.ഡി. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽനിന്ന് അളവിൽക്കവിഞ്ഞ വിദേശമദ്യം കണ്ടെത്തിയത്.
തൊണ്ടിമുതൽ തിട്ടപ്പെടുത്തി സാംപിളെടുത്ത് മഹസറും തയ്യാറാക്കി ബുധനാഴ്ച രാത്രിയോടെതന്നെ വയനാട്ടിൽനിന്നുള്ള എക്‌സൈസ് സംഘം ആന്റോയെ തേടി കൊച്ചിയിലെത്തുകയായിരുന്നു.
എസ്.ഐ.ടി. പുറത്തേക്ക്, എക്‌സൈസ് അകത്തേക്ക്
വ്യാഴാഴ്ച പുലർച്ചെ 2.30. റിപ്പോർട്ടർ ചാനൽ ഓഫീസിൽ പരിശോധനനടത്തിയ തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. സംഘം രാത്രി രണ്ടരയോടെ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങി.
അതേ സമയത്തുതന്നെ പുറത്തുകാത്തുനിന്ന വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ചാനൽ ഓഫീസിലേക്ക് കയറി. എക്‌സൈസ് സംഘത്തിന് സുരക്ഷയൊരുക്കാൻ പോലീസിനെയും വിന്യസിച്ചു.
എഫ്.ഐ.ആറിൽ തർക്കം
എക്‌സൈസ് സംഘം ചാനൽ ഓഫീസിൽ കയറി കേസുമായി ബന്ധപ്പെട്ട വിവരം അറിയിച്ചെങ്കിലും ഇവിടെ എന്തിന് പരിശോധന എന്നായിരുന്നു ആന്റോയുടെ ചോദ്യം. റെയ്ഡിനല്ല, കേസുമായി ബന്ധപ്പെട്ടാണെന്ന് എക്‌സൈസ് പറഞ്ഞതോടെ എഫ്.ഐ.ആർ. എവിടെയെന്നായി.
എഫ്.ഐ.ആർ. കാണിച്ചാൽ സഹകരിക്കാമെന്നും ഇല്ലാതെ അറസ്റ്റുചെയ്യാനോ തൊടാനോ കഴിയില്ലെന്നും ആന്റോ നിലപാടെടുത്തു. എഫ്.ഐ.ആറിനു പകരം എക്സൈസ് രേഖപ്പെടുത്തിയ മഹസർ വായിച്ചുകേൾപ്പിച്ചെങ്കിലും വഴങ്ങിയില്ല.
ഇതിനിടെ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മനോജ്കുമാർ എഫ്.ഐ.ആറിന്റെ കോപ്പിയുമായെത്തി. ഇത് ആന്റോ അഗസ്റ്റിന് കൈമാറി.
വഴങ്ങി, ഒടുവിൽ അറസ്റ്റ്
മണിക്കൂറുകൾനീണ്ട നാടകീയമായ തർക്കങ്ങൾക്കൊടുവിൽ പുലർച്ചെ 4.45-ന് ആന്റോ അഗസ്റ്റിൻ അറസ്റ്റ് മെമ്മോയിൽ ഒപ്പിട്ടു. എക്സൈസ് സംഘം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. 5.15-ന് ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് മടങ്ങി. പോകുംവഴിക്ക് ആലുവ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.
എക്സൈസ് എസ്.ഐ.ടി. രൂപവത്കരിച്ചു
കല്പറ്റ: ആന്റോ അഗസ്റ്റിന്റെ വീട്ടിൽനിന്ന് മദ്യശേഖരം കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ വയനാട് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചു.
കണ്ടെടുത്തതിൽ വിദേശ നിർമിത വിദേശ മദ്യവും, ഇന്ത്യൻ നിർമിത വിദേശമദ്യവും വ്യാജമദ്യവും പട്ടാളക്കാർക്കു മാത്രം കൊടുക്കുന്ന മദ്യവും ഉണ്ടെന്നും ഇതൊക്കെ എസ്.ഐ.ടി. അന്വേഷിക്കുമെന്നും ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ വൈ. ഷിബു പറഞ്ഞു.
“ഏറെക്കുറേ വിദേശത്തുനിന്ന് കടത്തിയ മദ്യമാണുള്ളത്. വീട്ടിലേക്ക് മദ്യം എത്തിച്ചതിനെക്കുറിച്ചെല്ലാം അന്വേഷിക്കേണ്ടതുണ്ട്. വ്യാജമദ്യത്തിന്റെ കെമിക്കൽ സർട്ടിഫിക്കറ്റ് കിട്ടാനുണ്ട്”- അദ്ദേഹം പറഞ്ഞു.
താൻ മദ്യപിക്കാറില്ലെന്നും എന്താ സംവിധാനമെന്ന് നോക്കട്ടെയെന്നുമായിരുന്നു അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഓഫീസിലെത്തിച്ചപ്പോൾ ആൻറോ അഗസ്റ്റിൻ പ്രതികരിച്ചത്.
കണ്ടെടുത്തത് 70 ലിറ്ററോളം മദ്യം
സുൽത്താൻബത്തേരി: ആന്റോയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 69.589 ലിറ്റർ മദ്യമെന്ന് എക്സൈസിന്റെ കുറ്റകൃത്യസംഭവ റിപ്പോർട്ടിൽ പറയുന്നു. വിദേശനിർമിത വിദേശമദ്യം 49.365 ലിറ്ററും വൈൻ 7.474 ലിറ്ററും വ്യാജമദ്യം 12.75 ലിറ്ററുമാണ് കണ്ടെടുത്തത്.
പിടികൂടിയ മദ്യത്തിൽ ഉൾപ്പെട്ട 12.75 ലിറ്റർ മദ്യം ചാരായമാണോ വൈനാണോയെന്നത് പരിശോധനയിലേ വ്യക്തമാകൂവെന്നും അബ്കാരി നിയമപ്രകാരം വ്യാജമദ്യത്തിന്റെ ഗണത്തിലാണ് വരുകയെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ല – ആഭ്യന്തര മന്ത്രി
റിപ്പോർട്ടർ ടി.വി. ഓഫീസിലെ പരിശോധനയിൽ പ്രത്യേക പോലീസ് അന്വേഷണസംഘം നിയമവിരുദ്ധമായി ഒന്നുംചെയ്തിട്ടില്ല. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കാനാണ് എസ്.ഐ.ടി. രൂപവത്കരിച്ചത്.
എസ്.ഐ.ടി. എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. നിയമവിരുദ്ധമായി അവർ ഒന്നുംചെയ്തിട്ടില്ല. കോടതിയുടെ സെർച്ച് വാറന്റ് ഉൾപ്പെടെയുള്ളവയുമായാണ് നടപടികളെടുത്തത്. അന്വേഷണത്തിൽ ആഭ്യന്തരവകുപ്പോ മന്ത്രിയോ ഇടപെടാറില്ല – രമേശ് ചെന്നിത്തല, ആഭ്യന്തര മന്ത്രി
Content Highlights: A special investigation team (SIT) discovered a large quantity of foreign liquor at the residence of Reporter TV's MD, Anto Augustine, during a probe related to a fraud involving the Argentine team's visit to Kerala. The Excise Department, led by the Wayanad Assistant Excise Commissioner, conducted a raid at the channel's office, leading to a dramatic standoff over the presentation of the FIR, which eventually resulted in Anto Augustine's arrest.