മദ്യം കണ്ടെടുത്ത വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; തെളിവായി ജിഎസ്ടി കേസിലെ മൊഴി

#ന്യൂസ് ഡെസ്ക്
ആന്റോ അഗസ്റ്റിൻ
ആന്റോ അഗസ്റ്റിൻ

സുൽത്താൻ ബത്തേരി: വയനാട്ടിൽ മദ്യം കണ്ടെടുത്ത വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. ജിഎസ്ടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ ആന്റോ അഗസ്റ്റിൻ നൽകിയ മൊഴിയിൽ സ്വന്തം മേൽവിലാസമായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ വീടിന്റെ വിലാസമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.

2026 ഓഗസ്റ്റ് മൂന്നിനാണ് ജിഎസ്ടി കാസർഗോഡ് കാഞ്ഞങ്ങാട് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ഓഫീസർമാർക്ക് മുൻപാകെ ആന്റോ അഗസ്റ്റിൻ ഹാജരായി രേഖാമൂലം മൊഴി നൽകിയത്. 'ആന്റോ അഗസ്റ്റിൻ (വയസ്സ് 38), സൺ ഓഫ് അഗസ്റ്റിൻ, മൂങ്ങാനിയൽ, വാഴവറ്റ പോസ്റ്റ്, വയനാട്' എന്നാണ് ആധാർ നമ്പർ അടക്കം ഈ മൊഴിയിൽ തന്റെ മേൽവിലാസമായി അദ്ദേഹം നൽകിയിരിക്കുന്നത്.

മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും മറ്റ് നിയമനടപടികൾക്ക് തെളിവായി ഇത് ഉപയോഗിക്കാമെന്നും ആന്റോ അഗസ്റ്റിൻ സമ്മതിച്ച് ഒപ്പുവെച്ചിട്ടുമുണ്ട്. വയനാട് വാഴവറ്റയിലെ ഇതേ വീട്ടിൽ നിന്നാണ് പോലീസ് കഴിഞ്ഞദിവസം 67 ലിറ്റർ മദ്യവും വൈനും പിടികൂടിയത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വീട് തന്റേതല്ലെന്ന് വരുത്തിതീർക്കാനാണ് ആന്റോ അഗസ്റ്റിൻ കോടതിയിൽ ശ്രമിച്ചത്.

2020-ൽ വീട് ഒരു ഡൽഹി സ്വദേശിക്ക് കൈമാറിയതാണെന്നും, പിന്നീട് ബാങ്ക് ലേലത്തിൽ വെച്ചപ്പോൾ ഭാര്യമാതാവാണ് ലേലത്തിൽ പിടിച്ചതെന്നും കാണിച്ച് ബാങ്ക് രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സർക്കാർ രേഖകൾ സഹിതം എതിർത്തതിനെ തുടർന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഒരു നില പണിയാൻ മാത്രം അനുമതിയുള്ള ഈ കെട്ടിടത്തിൽ മൂന്ന് നിലകൾ പണിതുയർത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകളുണ്ട്. കൂടാതെ, 2025-ൽ ഈ കെട്ടിടത്തിന്റെ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിൻ തന്നെയാണ് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജിഎസ്ടി ഉദ്യോഗസ്ഥർക്ക് മുൻപാകെ സമർപ്പിച്ച മൊഴിയും പഞ്ചായത്ത്, കെട്ടിട നികുതി രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ കോടതിക്ക് മുൻപാകെ സമർപ്പിക്കും. 

Content Highlights: Documents confirm that the house where alcohol was found in Wayanad belongs to Anto Augustine, as he listed it as his address during a GST inquiry. Despite Anto Augustine's claims in court that the house was transferred to a Delhi resident in 2020 and later acquired by his mother-in-law, government records contradicted this, leading to bail denial.