പോലീസെത്തുമ്പോൾ അനിതയുടെ കാലിലും കൈകളിലും ചോര, ദേഹത്ത് പരിക്ക്; സിസിടിവി ദൃശ്യങ്ങൾ മായ്ച്ചനിലയിൽ

കാലിഫോർണിയ/കോട്ടയം: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി സുഹൃത്തുക്കളായ രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മൂന്നിലവ് സ്വദേശിനിയായ അനിത ബേബി (32)ക്കെതിരെ സാന്റാ ക്ലാര കൗണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തി. സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28-ന് സാഞ്ചോസെയിലും മിൽപിറ്റാസിലുമായി വെറും 90 മിനിറ്റിന്റെ ഇടവേളയിലാണ് ഈ രണ്ട് കൊലപാതകങ്ങളും നടന്നത്. കൊലപാതകത്തിനു പിന്നാലെ തെളിവുനശിപ്പിക്കാൻ അനിത ശ്രമം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 1.50-ഓടെയാണ് പോലീസിന് ആദ്യ ഫോൺ സന്ദേശം ലഭിച്ചത്. ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ വീട്ടിൽ സംശയാസ്പദമായ സംഭവങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കോൾ. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആൻ മേരി മാത്യു (39)വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മാരകമായ മുറിവുകളും ഉണ്ടായിരുന്നു. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചതായാണ് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
അന്വേഷണത്തിൽ കൊലപാതകത്തിനുപയോഗിച്ചുവെന്ന് കരുതുന്ന ഉപകരണം പോലീസ് കണ്ടെടുത്തു. വിശദാന്വേഷണത്തിൽ കൊലപാതകിയെക്കുറിച്ചുള്ള സൂചനകളും പോലീസിനു ലഭിച്ചു. അടുത്ത പരിചയമുള്ള ആൾതന്നെയാണ് കൊലപാതകി എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. വിശദാന്വേഷണത്തിലാണ് ഉറ്റ സുഹൃത്ത് അനിത ബേബിയിലേക്ക് അന്വേഷണ സംഘം എത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവെ, ഇതേദിവസം മിൽപിറ്റാസിൽ ഒരു അപകടമരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡിക്സൻ ലാൻഡിങ് റോഡിലെ മിൽ ഗ്രീക്ക് അപാർട്മെന്റ് പരിസരത്തായിരുന്നു അപകടം. കാൽനട യാത്രക്കാരിയായ യുവതിയെ നീല കാർ ഇടിച്ചു എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് മിൽപിറ്റാസ് പോലീസ് അന്വേഷണം തുടരവെ, അപകടകരമാം വിധത്തിൽ നീല കാർ ഓടിച്ചുപോയതായും സംഭവസ്ഥലത്തുനിന്ന് ഒരു മൈൽ ദൂരത്തായി അശ്രദ്ധമായ രീതിയിൽ കാർ പാർക്ക് ചെയ്തതായും വിവരം ലഭിച്ചു. പ്രദേശത്തെ മൂന്നോളം വാഹനങ്ങളിൽ കാർ ഇടിച്ച ശേഷമായിരുന്നു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
അന്വേഷണത്തിൽ കാറിടിച്ച് മരിച്ചത് അഞ്ജന ഹരി (35) എന്ന് കണ്ടെത്തുകയായിരുന്നു. വിശദാന്വേഷണത്തിൽ കൊല്ലപ്പെട്ട ആൻ മേരി മാത്യുവും അഞ്ജന ഹരിയും ഉറ്റ സുഹൃത്തുക്കളാണെന്ന് മനസ്സിലായി. ബന്ധുക്കളുടെ വിശദമായ മൊഴിയെടുപ്പിന് ശേഷമാണ് അനിതയിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇവരുടെ ഒപ്പംതന്നെ ഉണ്ടായിരുന്ന ഉറ്റ സുഹൃത്തായ അനിത ബേബിയാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതായും കുറ്റപത്രത്തിൽ പറയുന്നു.
പ്രതിയെപ്പറ്റി സൂചന ലഭിച്ച പോലീസ്, പാർക്കിനരികെ നിർത്തിയിട്ട വാഹനത്തിനരികെ ചെന്നപ്പോൾ കൈകാലുകളിൽ ചോര പുരണ്ടനിലയിൽ വാഹനത്തിനകത്ത് അനിത ബേബിയെ കണ്ടെത്തുകയായിരുന്നു. പരസ്പരവിരുദ്ധമായിട്ടായിരുന്നു അനിത സംസാരിച്ചിരുന്നത്. ചോദ്യങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. ദേഹത്ത് പരിക്കുകളും കാലുകളിലടക്കം ചോരപ്പാടുകളും ഉണ്ടായിരുന്നുവെന്ന് പോലീസ് കോടതി രേഖകളിൽ പറയുന്നു.
അഞ്ജന കാറിനരികത്തുകൂടി പോകുമ്പോൾ പ്രതി കാർ പെട്ടെന്ന് മുമ്പോട്ട് ഓടിച്ചു പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവദിവസം രാവിലെ ഏകദേശം 10:30-നും 11:40-നും ഇടയിൽ അനിത ബേബി ആൻ മേരിയുടെ വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് അഞ്ജന കൊല്ലപ്പെട്ടതെന്നാണ് വിവരം.
സംഭവം നടന്ന സമയത്ത് വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ആരാണ് ഇത് ചെയ്തത് എന്ന കാര്യം വ്യക്തമല്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ അനിതയുടെ ചെരിപ്പിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇവയായിരുന്നു അനിത ധരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതിയുടെ പാന്റിൽനിന്ന് ലഭിച്ച രക്തക്കറയും പോലീസ് പരിശോധിച്ചു. ഇത് കൊല്ലപ്പെട്ടവരുടേതാണെന്നാണ് പോലീസ് നിഗമനം. കാർ പാർക്ക് ചെയ്തിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ ആൻ മേരി മാത്യുവിന്റെ വീട്ടിൽ അനിത ബേബി ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതിന്റെ മൊബൈൽ ലൊക്കേഷൻ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Content Highlights: Anita Baby (32) from Kottayam charged with two counts of murder in California., Victims Ann Mary Mathew and Anjana Hari were close friends of the accused., The brutal incidents occurred within a 90-minute window in San Jose and Milpitas., Police recovered crucial evidence including CCTV footage, mobile location data, and DNA traces.