ഐവിൻ ജിജോയെ ബോണറ്റിൽനിന്ന് നിലത്തുവീഴ്ത്തി റോഡിലൂടെ ഉരച്ചുകൊണ്ടുപോയത് 37 മീറ്റർ

അങ്കമാലി: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തുറവൂർ ആരിശ്ശേരിൽ ഐവിൻ ജിജോയെ (24) പ്രതികൾ മനപ്പൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി നെടുമ്പാശ്ശേരി പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്.
നെടുമ്പാശ്ശേരിയിലെ കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസിലെ ഷെഫായ ഐവിൻ ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത്. ഐവിന്റെ കാറിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാർ ഉരസിയതായി പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ടു പോയാൽ മതിയെന്നു പറഞ്ഞ് ഐവിൻ കാർ തടഞ്ഞു. ഇതോടെയാണ് കാർ ഇടിപ്പിച്ചത്. ഇത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു.
ബോണറ്റിലേക്കു വീണ ഐവിൻ ജിജോയെ രക്ഷപ്പെടാൻ അനുവദിക്കാതെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ട് നിലത്തുവീഴ്ത്തിയ ശേഷം വീണ്ടും കാറിടിപ്പിച്ചു. അടിയിൽപ്പെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ ഉരച്ചുകൊണ്ടുപോയി. ഗുരുതര പരിക്കേറ്റാണ് മരണം. പ്രതികൾ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനുശേഷം, രണ്ടാം പ്രതി മോഹൻകുമാറിനെ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്തുനിന്നും ഒന്നാം പ്രതി വിനയകുമാർ ദാസിനെ സംഭവം നടന്ന നായത്തോട് പ്രദേശത്തുനിന്ന് പരിക്കുകളോടെയും പോലീസ് പിടികൂടിയിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വിനയകുമാർ ദാസിനെ പോലീസ് കസ്റ്റഡിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തിരിച്ചറിയൽ പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. പ്രതികൾ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
സംഭവത്തിൽ സിഐഎസ്എഫും അന്വേഷണം തുടങ്ങി. ഡിഐജി (എയർപോർട്ട് സൗത്ത് സോൺ ഹെഡ് ക്വാർട്ടേഴ്സ്) ആർ. പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട കോൺസ്റ്റബിൾ മോഹൻകുമാർ പിറ്റേന്നുരാവിലെ ജോലിയിൽ പ്രവേശിച്ചു.
ഇതിന് എങ്ങനെ അനുമതി ലഭിച്ചുവെന്നും ആരാണ് ഇയാൾക്ക് ഒത്താശ നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ജോലിചെയ്യുന്ന സബ് ഇൻസ്പെക്ടർ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെ കേസിന്റെ ഗുരുതരസ്വഭാവം പരിഗണിച്ച് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Content Highlights: Ivin Jijo Murder Case; Accused CISF personnel acted with intent to kill