കാമുകനൊപ്പംചേർന്ന് ഭർത്താവിനെ മർദ്ദിച്ച് കൊലപ്പെടുത്തി റോഡിൽതള്ളി ഭാര്യ; ഇരുവരും അറസ്റ്റിൽ

അമരാവതി: 20 വർഷം കൂടെ ജീവിച്ച ഭർത്താവിനെ രണ്ടുവർഷം മുമ്പ് തുടങ്ങിയ പ്രണയത്തിനായി കാമുകനൊപ്പം ചേർന്ന് കൊന്ന് റോഡിൽ തള്ളിയെന്ന കേസിൽ ഭാര്യ അറസ്റ്റിൽ. റോഡപകടമായി എഴുതിത്തള്ളിയ കേസിലാണ് ഞെട്ടിക്കുന്ന വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി-തിരുപ്പതി ദേശീയപാതയിൽ ഒരു മൃതദേഹം കണ്ടെത്തിയതായിരുന്നു കേസിന്റെ തുടക്കം. അന്നമയ്യ ജില്ലയിൽ നിന്നുള്ള ഇയാൾ റോഡപകടത്തിലാണ് മരിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ നിഗമനം.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാളുടെ ഭാര്യയും കാമുകനും ഉൾപ്പെട്ട കൊലപാതക ഗൂഢാലോചനയുടെ കഥ പുറത്തറിയുന്നത്. മംഗിനേനി വെങ്കിട സുബ്രഹ്മണ്യം എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ഉമാദേവിയേയും കാമുകൻ ചരള സുബ്രഹ്മണ്യത്തെയും ഓഗസ്റ്റ് 11-ന് പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് നൽകുന്ന വിവരമനുസരിച്ച്; മംഗിനേനി വെങ്കിട സുബ്രഹ്മണ്യവും ഉമാദേവിയും വിവാഹിതയായിട്ട് 20 വർഷമായി. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഉമാദേവി ചരള സുബ്രഹ്മണ്യം എന്നൊരാളുമായി അടുപ്പത്തിലായി. ഭർത്താവ് ഈ ബന്ധത്തിന് ഒരു തടസ്സമായി മാറിയതോടെയാണ് ഇരുവരും ചേർന്ന് വെങ്കിട സുബ്രഹ്മണ്യത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്നാണ് പോലീസിന്റെ നിരീക്ഷണം.
ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും, പിന്നീട് മരണം റോഡപകടമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ഓഗസ്റ്റ് ഏഴിനാണ് കൊലപാതകം നടന്നത്. വെങ്കിട സുബ്രഹ്മണ്യത്തിന്റെ ഭക്ഷണത്തിൽ ഉമാദേവി ഉറക്കഗുളികകൾ കലർത്തി നൽകുകയായിരുന്നു. അദ്ദേഹം ഉറങ്ങിയ ശേഷം, ചരള സുബ്രഹ്മണ്യത്തിനൊപ്പം ചേർന്ന് ഇരുമ്പുദണ്ഡും കല്ലും മറ്റും ഉപയോഗിച്ച് ഭർത്താവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഒരു ഹോണ്ട ആക്ടിവ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി, ഓഗസ്റ്റ് എട്ടിന് പുലർച്ചെ 2.30-ഓടെ മദനപ്പള്ളി-തിരുപ്പതി ദേശീയപാതയോരത്ത് തള്ളുകയായിരുന്നു. മരണം റോഡപകടമാണെന്ന് തോന്നിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൾ കൊലപാതകം നടന്ന സ്ഥലത്തുനിന്നും രക്തക്കറകൾ വൃത്തിയാക്കുകയും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും നശിപ്പിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട വെങ്കിട സുബ്രഹ്മണ്യത്തിന്റെ പിതാവ് മംഗിനേനി കൃഷ്ണയ്യയ്ക്ക് മകന്റെ മരണത്തിൽ സംശയം തോന്നിയതോടെയാണ് കേസിന്റെ ഗൂഢാലോചന പുറത്തുവന്നത്. മകന്റേത് വെറുമൊരു അപകടമരണമല്ലെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. പിന്നാലെ പീലേരു അർബൻ പോലീസിൽ പരാതി നൽകി. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കേസ് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയത്.
അന്വേഷണത്തിനിടയിൽ, ഇതൊരു റോഡപകടമല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചു. തുടർന്നാണ് ഓഗസ്റ്റ് 11-ന് ഉമാദേവിയെയും ചരള സുബ്രഹ്മണ്യത്തെയും പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Content Highlights: Uma Devi and her lover Charala Subrahmanyam were arrested on August 11 for the murder. The couple was married for 20 years before the wife plotted the murder due to an extramarital affair. The suspects drugged the victim with sleeping pills, killed him with an iron rod, and dumped the body on the highway to fake a road accident.