അമ്പൂരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്മാവനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകൻ ഷൈനു തോസമ് (31) കസ്റ്റഡിയിൽ. സംഭവത്തിൽ കുത്തേറ്റ ഷൈനുവിന്റെ അമ്മാവൻ വർഗീസ് (50) ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ഷൈനുവിന്റെ വിവാഹ വാർഷികം ആയിരുന്നു. മദ്യലഹരിയിലാണ് സംഭവം നടന്നത് എന്നാണ് വെള്ളറട പോലീസ് പറയുന്നത്.
ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിൽ ഉണ്ടായ വാക്കേറ്റം അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ഷൈനു കത്തികൊണ്ട് വർഗീസിനെ കുത്തിയത്. ബഹളം കേട്ടെത്തിയ എബ്രഹാമിനെ കസേര കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീഴുകയായിരുന്നു.
എബ്രഹാമിന് തലയ്ക്കാണ് അടിയേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlights: 62-year-old Thomas Abraham killed by son Shanu in Amboori. Incident occurred following a dispute during a wedding anniversary celebration. Uncle Varghese critically injured and currently undergoing treatment. Police have taken the suspect into custody for investigation. Body transferred to Karakonam Medical College for post-mortem