ഡല്‍ഹിയെ നടുക്കി അരുംകൊല; വെടിയേറ്റ് കൊല്ലപ്പെട്ടത് ആമസോണിലെ യുവ മാനേജര്‍, ഒരാള്‍ക്ക് പരിക്ക്

കൊല്ലപ്പെട്ട ഹര്‍പ്രീത് | Photo Courtesy: twitter.com/ndtv
കൊല്ലപ്പെട്ട ഹര്‍പ്രീത് | Photo Courtesy: twitter.com/ndtv

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ മാനേജരായ ഹര്‍പ്രീത് ഗില്‍(36) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് ഗോവിന്ദ് സിങ്ങിനും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം എല്‍.എന്‍.ജി.പി. ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചൊവ്വാഴ്ച രാത്രി ഭജന്‍പുരയില്‍ സുഭാഷ് വിഹാറിന് സമീപമാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഹര്‍പ്രീതും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ തടഞ്ഞുനിര്‍ത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ ഹര്‍പ്രീത് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സുഹൃത്തായ ഗോവിന്ദിന് വലതുചെവിയിലാണ് വെടിയേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് പറയുന്നത്. പ്രതികളെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 
 

Content Highlights: amazon manager shot dead in delhi