ഫോൺ കാസർകോട് ഉപേക്ഷിച്ച് ആലുവയിലെത്തി, സിനിമാ സ്റ്റൈലിൽ അന്വേഷണസംഘം; പ്രതി വലയിൽ

ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസിയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 13 പുലർച്ചെ 3:30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിന്റെ അന്വേഷണം പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദ്ദേശാനുസരണം ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും പരിശോധിച്ച പോലീസ്, രാത്രികാല ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഉൾപ്പെടെ നൂറോളം പേരെ ചോദ്യംചെയ്തു. ഇതിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചത്.
സംഭവത്തിന് ശേഷം മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലൂരിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചു. ഉടൻതന്നെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽനിന്ന് രഹസ്യമായി സൂക്ഷിച്ച സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പരാതിക്കാരനിൽനിന്ന് കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ ആലുവ എസ്.എച്ച്.ഒ. രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അങ്കമാലിയിൽനിന്നും, സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നുമാണ് പിടികൂടിയത്. ജോബിയിൽനിന്ന് സ്വർണ നിറത്തിലുള്ള മാലയും കണ്ടെടുത്തിട്ടുണ്ട്.
ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസ്, സി.ഐ. പി.എം. ഷമീർ, എസ്.ഐ.മാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Three accused arrested for robbing an NRI near Aluva railway station, Main accused tracked down after leaving phone in Kasaragod, Stolen gold chain and surgical blade recovered by police, Accused have multiple criminal cases registered across Kerala police stations