അലുവ അതുൽ കൊലക്കേസ്; പ്രതികളെ മണിക്കൂറുകൾകൊണ്ട് കുടുക്കി പോലീസ്, എല്ലാവരും പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടി. തഴവ കടത്തൂർ സ്വദേശി നൗഫൽ (28), ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ (28) എന്നിവരും മറ്റ് ആറ് പേരും പിടിയിലായി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചനയിൽ ഭാഗമായവരുമാണ് അറസ്റ്റിലായത്.
ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചു. കോട്ടയം പോലീസ് പിടിച്ച പ്രതികളെ കൊല്ലം പോലീസിന് കൈമാറി. അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
ജിം സന്തോഷ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ രാവിലെ 11 മണിക്കുശേഷമാണ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽനിന്ന് ഒപ്പിട്ട് മടങ്ങിയത്. കൊലപാതകികൾ അപ്പോൾമുതൽ അതുലിനെ പിന്തുടർന്നു. പുതിയകാവ് മേൽപ്പാലത്തിന്റെ നിർമാണജോലികൾ നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോയിരുന്നത്. മേൽപ്പാലത്തിനടുത്തുള്ള പെട്രോൾ പമ്പിനു മുന്നിൽവെച്ചാണ് അതുൽ സഞ്ചരിച്ച കാറിനു പിന്നിൽ പ്രതികളുടെ കാർ ഇടിപ്പിച്ചത്. സംഭവസമയത്ത് റോഡിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ നിർമാണജോലികൾക്കായി എടുത്ത കുഴിയിലേക്ക് അതുലിന്റെ കാർ വീണു. ഗതാഗതതടസ്സമുണ്ടാക്കും വിധം കാർ റോഡിൽ നിർത്തി. ചാടിയിറങ്ങിയ പ്രതികൾ റോഡിൽനിന്നുകൊണ്ടുതന്നെ അതുലിന്റെ കാറിന്റെ ചില്ലുകളും ഡോറും വടിവാളുകൾ ഉപയോഗിച്ച് തകർത്തു. ഉടൻതന്നെ കുഴിയിലേക്കു ചാടി, കാറിനുള്ളിലുണ്ടായിരുന്ന അതുലിനെ വലിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. ഒരു കാൽനടയാത്രക്കാരനും ഇരുചക്രവാഹനയാത്രക്കാരും ടിപ്പർ ലോറി ഡ്രൈവറുമടക്കം സംഭവം നേരിട്ടു കണ്ടെങ്കിലും അവർ ഭയന്ന് സ്ഥലംവിട്ടു. ആക്രമണത്തിനുശേഷം കാറിൽ കയറിയ പ്രതികൾ വാഹനം ഓച്ചിറ ഭാഗത്തേക്ക് ഓടിച്ചുപോയി. ഉടൻതന്നെ പെട്രോൾ പമ്പിൽ ഉണ്ടായിരുന്നവരും ജീവനക്കാരും സ്ഥലത്തേക്ക് ഓടിയെത്തി. അവർ വിവരമറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി പോലീസ് എത്തിയാണ് അതുലിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
അതുലിനെ രാവിലെമുതൽ പ്രതികൾ പിന്തുടർന്നിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. അധികം തിരക്കില്ലാത്ത സ്ഥലം അപകടമുണ്ടാക്കാനായി തിരഞ്ഞെടുത്തതിനു പിന്നിലും കൃത്യമായ ആസൂത്രണമുണ്ട്. തിരക്കില്ലാത്ത ഭാഗം കൊലപാതകം നടത്താൻ പ്രതികൾ തിരഞ്ഞെടുത്തെങ്കിലും റോഡരികിലുണ്ടായിരുന്ന പെട്രോൾ പമ്പിലെ ക്യാമറയിൽ ദൃശ്യങ്ങളെല്ലാം കൃത്യമായി പതിഞ്ഞു. പ്രതികളിലേക്ക് എളുപ്പം എത്താൻ കഴിയുംവിധമുള്ള ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.
Content Highlights: All eight individuals involved in the murder of gangster Aluva Athul have been apprehended., The suspects were tracked and arrested near Mundakayam, Idukki., The attack was premeditated, with suspects choosing a low-traffic area for the execution., CCTV footage from a nearby petrol pump provided crucial evidence for the police investigation.