'ഒന്നുതൊട്ടാൽ താഴെവീഴുന്നയാളാണ്, അദ്ദേഹമാണ് ബലാത്സംഗംചെയ്ത് കൊന്നെന്ന് പറയുന്നത്';പോലീസിനെതിരെ പരാതി

കൊല്ലപ്പെട്ട സ്ത്രീ, സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം | Screengrab: Mathrubhumi News
കൊല്ലപ്പെട്ട സ്ത്രീ, സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം | Screengrab: Mathrubhumi News

ആലപ്പുഴ: തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ പോലീസിനെതിരേ ആദ്യം പ്രതിയാക്കിയ അബൂബക്കറിന്റെ കുടുംബം. ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അബൂബക്കറിനെ കേസില്‍ പ്രതിയാക്കിയതെന്ന് അബൂബക്കറിന്റെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായും മനുഷ്യാവകാശ കമ്മീഷനടക്കം ഇനി പരാതിനല്‍കുമെന്നും കുടുംബം പറഞ്ഞു. 

നിരപരാധിയായ പിതാവിനെ അകാരണമായി കേസില്‍ കുടുക്കിയതാണെന്നാണ് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് റാഷിം മാധ്യമങ്ങളോട് പറഞ്ഞത്. 'വാപ്പ വന്നുകഴിഞ്ഞപ്പോള്‍ വാപ്പാനെ കയറി കണ്ടോട്ടെയെന്ന് സിഐയോട് ഞാന്‍ ചോദിച്ചിരുന്നു. ആദ്യം പറ്റില്ലെന്ന് പറഞ്ഞു. പിന്നെ എന്തിനാണെന്ന് ചോദിച്ചു. സമാധാനിപ്പിക്കാനാണെന്ന് പറഞ്ഞു. എന്നാല്‍ പോയി സംസാരിച്ചോ എന്ന് സിഐ പറഞ്ഞു. ഞാന്‍ ചെന്നപ്പോള്‍ വാപ്പ എന്നെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മോനെ എന്നെ പെടുത്തി എന്നുപറഞ്ഞാണ് വാപ്പ കരഞ്ഞത്. എനിക്ക് സഹിക്കാന്‍ പറ്റിയില്ല. എന്റെ വാപ്പ അങ്ങനെ ചെയ്യില്ല. അങ്ങനെ ചെയ്യാനുള്ള ത്രാണിയില്ല. ഒന്ന് തൊട്ടാല്‍പോലും താഴെവീഴുന്ന മനുഷ്യനാണ്. അദ്ദേഹം ഒരുസ്ത്രീയെ ബലാത്സംഗംചെയ്ത് കൊന്നു എന്നുപറഞ്ഞാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഈ മനുഷ്യന്‍ ബലാത്സംഗംചെയ്തുവെന്ന് പറയുന്നത് അവിശ്വസനീയമായ കാര്യമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കും'', മുഹമ്മദ് റാഷിം പറഞ്ഞു. 

തോട്ടപ്പള്ളിയില്‍ തനിച്ചുതാമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യം അറസ്റ്റിലായ അബൂബക്കറല്ല യഥാര്‍ഥ പ്രതിയെന്ന് പോലീസ് കഴിഞ്ഞദിവസമാണ് പറഞ്ഞത്. സ്വര്‍ണം ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കാനെത്തിയ ദമ്പതിമാരാണ് കൊല നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.

തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീന്‍ (43), ഭാര്യ അനീഷ (38) എന്നിവരാണ് പ്രതികള്‍. സൈനുലാബ്ദീനെ റിമാന്‍ഡുചെയ്തു. അപസ്മാര ലക്ഷണം കണ്ടതിനാല്‍ അനീഷയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. 

അതേസമയം, കൊലപാതകക്കുറ്റത്തില്‍നിന്നു മാത്രമാണ് ആദ്യം അറസ്റ്റിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തന്‍വീട്ടില്‍ അബൂബക്കര്‍ (68) മുക്തനായതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ മാസം 17-നാണ് അറുപത്തിരണ്ടുകാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബലാത്സംഗത്തിനിരയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Content Highlights: Family of Aboobaker, initially accused in Thotappally murder, alleges wrongful arrest