വയനാട്ടിലെ ദൗത്യത്തിന് ശേഷം ആലപ്പുഴയിലേക്ക്; മായ മണംപിടിച്ചു, കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ഇവള്‍ മായ, മൃതദേഹം കണ്ടെത്തുന്നതില്‍ മികവുള്ള കഡാവര്‍ നായ. കേരള പോലീസിന്റെ അഭിമാനതാരമായ ശ്വാനസേനാംഗം. എറണാകുളത്തുനിന്നു കാണാതായ വയോധികയുടെ, കലവൂരില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്താന്‍ പോലീസിനു സഹായമായത് ഈ മിടുക്കിയുടെ മികവ്. ഒരുമാസത്തിലേറെയായി എറണാകുളത്തുനിന്നു കാണാതായ സുഭദ്ര(73)യുടെ മൃതദേഹം കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ പോലീസ് ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് മായയെ സ്ഥലത്തു കൊണ്ടുവന്ന് പരിശോധന നടത്തിയപ്പോള്‍ കുഴിക്കു സമീപമെത്തി. മൃതദേഹം അവിടെയുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് മായ നല്‍കിയത്. മുന്‍പ് ഒരുദിവസം പറമ്പില്‍ കുഴിയെടുക്കുന്നതു കണ്ടതായി സമീപവാസിയുടെ മൊഴിയുമുണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
തൃശ്ശൂരിലെ പോലീസ് ക്യാമ്പില്‍നിന്നാണ് മായയെ കൊണ്ടുവന്നത്. ഇവളുടെ സര്‍വീസ് ബുക്കില്‍ നേട്ടങ്ങള്‍ ഒരുപാടുണ്ട്. ഇലന്തൂര്‍ നരബലി കേസ്, ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടി, കൊക്കയാര്‍, വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കല്‍, പാലക്കാട് കൊല്ലങ്കോട്ടു കാണാതായ രണ്ടുപേരെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്, പൂന്തുറയിലെ കൊലപാതകം, മലക്കപ്പാറ, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ആളെ കാണാതായ കേസുകള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ.
ഇന്ത്യയിലെതന്നെ ആദ്യത്തെ കഡാവര്‍ ഡോഗുകളിലൊന്നാണ് മായ. മര്‍ഫിയെന്ന മറ്റൊന്നുകൂടി കേരള പോലീസിന്റെ ശ്വാനസേനയിലുണ്ട്. ബെല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍പ്പെട്ടതാണിവ. ഐ.എസ്.ഭീകരരായ ബാഗ്ദാദിയെയും ബിന്‍ലാദനെയും കണ്ടെത്താന്‍ സഹായിച്ചതും ഈയിനത്തില്‍പ്പെട്ട നായ്ക്കളാണ്.
ഊര്‍ജസ്വലതയിലും ബുദ്ധികൂര്‍മതയിലും മായ പലപ്പോഴും പോലീസിനെപ്പോലും അമ്പരപ്പെടുത്തിയിട്ടുണ്ട്. ഹ്യൂമന്‍ റിസോണന്‍സ് ഡിറ്റക്ഷന്‍ ഡോഗ്സ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താനും മണംപിടിക്കാനും വിദഗ്ധപരിശീലനം ലഭിച്ചിട്ടുണ്ട്.
മണ്ണില്‍ 40 അടി താഴ്ചയിലുള്ള മൃതദേഹാവശിഷ്ടങ്ങള്‍പോലും കണ്ടെത്താന്‍ ഇവയ്ക്കുകഴിയും. 2020 മാര്‍ച്ചിലാണ് മായ സേനയുടെ ഭാഗമായത്. ഇപ്പോള്‍ അഞ്ചു വയസ്സുണ്ട്. പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് ഹാന്‍ഡ്‌ലര്‍മാര്‍.
Content Highlights: alappuzha subadhra murder police dog maya helps investigation