ഭർത്താവുമായി വഴക്കിട്ടെത്തി, വീട്ടിലും ഉപദ്രവം; രാത്രി മകളെ കൊന്ന് എല്ലാവരും ഉറങ്ങി, രാവിലെ കരച്ചിൽ

മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്റെ വീട്ടിലുള്ളവരെ ചോദ്യംചെയ്യാന്‍ എത്തിയപ്പോള്‍. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്‍, പിതാവ് ജോസ്‌മോന്‍
മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ എയ്ഞ്ചല്‍ ജാസ്മിന്റെ വീട്ടിലുള്ളവരെ ചോദ്യംചെയ്യാന്‍ എത്തിയപ്പോള്‍. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട എയ്ഞ്ചല്‍ ജാസ്മിന്‍, പിതാവ് ജോസ്‌മോന്‍

ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്‌മോന്‍ (ഫ്രാന്‍സിസ്-52) ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. 

തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലെ രണ്ട് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവസമയം എയ്ഞ്ചലിന്റെ അമ്മ ജെസിയും വീട്ടിലുണ്ടായിരുന്നു. ഇവരെയും കേസില്‍ പ്രതിചേര്‍ത്തേക്കും. 

മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് ജോസ്മോന്‍, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിയും കൂടെയുണ്ടായിരുന്നു.

ബുധനാഴ്ച രാവിലെ മകള്‍ മരിച്ചു കിടക്കുന്നതായി ജോസ്മോനും ഭാര്യയും അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പഞ്ചായത്തംഗം പി.ജെ. ഇമ്മാനുവേല്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

ചെട്ടികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്‍ക്വസ്റ്റ് നടപടി നടത്തിയപ്പോള്‍ എയ്ഞ്ചലിന്റെ കഴുത്തിലെ പാടുകണ്ട് അസ്വാഭാവികത തോന്നി. പോലീസ് ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇന്‍സ്‌പെക്ടര്‍ ടോള്‍സന്‍ പി. ജോസഫിന്റെ ചോദ്യം ചെയ്യലിനിടയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞദിവസം തന്റെ അച്ഛന്‍ സേവ്യറിനെ എയ്ഞ്ചല്‍ മര്‍ദിച്ചതായും ജോസ്മോന്‍ മൊഴില്‍ നല്‍കി. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്ത ശേഷം വീടുപൂട്ടി സീല്‍ ചെയ്തു.

കൊലചെയ്തശേഷം കിടന്നുറങ്ങി; ഭാവമാറ്റമില്ലാതെ പെരുമാറ്റം

ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടക്കുന്നത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു കൊലപാതകം. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പോലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു.

പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പോലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍ അഴിച്ചുകിടത്തിയതാണോ എന്നായിരുന്നു പ്രധാന സംശയം. ഇതിനു വ്യക്തത വരാനായിരുന്നു ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനായില്ല. കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോരുകയായിരുന്നു ജാസ്മിന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു. കുട്ടികളില്ല. ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു ജാസ്മിന്‍.

സഹികെട്ട് ചെയ്തുപോയതാ സാറെ...

ജോസ്മോന്‍ മകളെ കഴുത്തു ഞെരിച്ചു കൊന്നെന്ന് അറിഞ്ഞപ്പോള്‍ ഓമനപ്പുഴ ഗ്രാമം ഞെട്ടി. ജോസ്മോനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല മതിപ്പായിരുന്നു. പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കുന്ന ആളല്ല.

അത്യാവശ്യം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്നിട്ടും, 28 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു. സഹികെട്ടാണ് അങ്ങനെ ചെയ്യേണ്ട വന്നതെന്നാണ് ജോസ്മോന്‍ പോലീസിനോടു പറഞ്ഞത്.'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും. എപ്പോഴും വഴക്ക്. പറഞ്ഞാല്‍ അനുസരണയില്ല. സഹികെട്ട് ചെയ്തുപോയതാ സാറെ.'- ഇതായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ ജോസ്മോന്റെ കുറ്റസമ്മതം.

ജാസ്മിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കാരണം, ആ വീട്ടില്‍നിന്ന് അത്തരമൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ല. ജാസ്മിനും ചിരിച്ചുകൊണ്ട് ചുറുചുറുക്കോടെയാണ് നാട്ടുകാരോടും ഇടപഴകിയിരുന്നത്. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ വഴക്കിട്ട് സ്വന്തം വീട്ടിലെത്തിയ ജാസ്മിന്‍ അവരോടും എന്നും വഴക്കുകൂടി. വഴക്കിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

Content Highlights: alappuzha omanappuzha angel jasmin murder case