സുഹൃത്തിന്റെ മകളെ പ്രണയിച്ച് വിവാഹംകഴിച്ചു; എതിർത്ത സുഹൃത്തിനെ അടിച്ചുകൊന്നു; പ്രതിക്ക് ജീവപര്യന്തം

#സ്വന്തം ലേഖകൻ
പ്രതി മനോജ് കൃഷ്ണന്‍
പ്രതി മനോജ് കൃഷ്ണന്‍

ആലപ്പുഴ: ഭാര്യാപിതാവിനെ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വരകാടി വെളിയിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം ഇടവ എട്ടാം വാർഡ് പൂച്ചെടി പണയിൽ വീട്ടിൽ മനോജ് കൃഷ്ണനെ(30) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.

ബിജുവിന്റെ ആദ്യവിവാഹത്തിലുള്ള മകളുമായി അടുപ്പത്തിലായ പ്രതി ഇവരെ വിവാഹം കഴിച്ചിരുന്നു. ഇതിനെ ബിജു എതിർത്തതും ചോദ്യംചെയ്തതുമാണ് കൊലപാതകത്തിന് കാരണമായത്. 2024 ഒക്ടോബർ ഏഴിനായിരുന്നു സംഭവം.

ബിജുവും മനോജ് കൃഷ്ണനും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് മനോജ് കൃഷ്ണൻ, ബിജുവിന്റെ ആദ്യവിവാഹത്തിലെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഈ വിവാഹത്തെ ബിജു എതിർത്തിരുന്നു. ഇതിന്റെ പകയിലായിരുന്നു കൊലപാതകം.

സംഭവദിവസം ബിജുവും കുടുംബവും എറണാകുളത്തുനിന്ന് കലവൂരിലേക്ക് ട്രെയിനിൽ വരികയായിരുന്നു. ഇതിനിടെ മനോജ് കൃഷ്ണൻ ആവശ്യപ്പെട്ടതനുസരിച്ച് ബിജു മാരാരിക്കുളത്ത് ഇറങ്ങി. തുടർന്ന് ഇരുവരും ചേർന്ന് മദ്യപിച്ച് വീട്ടിലെത്തി. തുടർന്ന് പ്രതി ബിജുവിനെ ചവിട്ടിയും വടികൊണ്ട് മർദിച്ചും കൊലപ്പെടുത്തുകയായിരുന്നു.

ബിജുവിന്റെ ഭാര്യ ലതയും മക്കളും വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കണ്ടത്. പ്രതിയായ മനോജ് കൃഷ്ണൻ ബിജുവിനെ ചവിട്ടി താഴെയിട്ടെന്നും വടികൊണ്ട് നെഞ്ചിൽ അടിച്ചെന്നുമാണ് ഇവരുടെ മൊഴി. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സി.ഐ.മാരായിരുന്ന എസ്. ശ്രീജിത്ത് ,എം.കെ. രാജേഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് .എ ശ്രീമോൻ, അഭിഭാഷകരായ നാരായൺ, ജി .അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു. ബിജുവിന്റെ ഭാര്യ ലതയും മക്കളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി.

Content Highlights: Manoj Krishnan sentenced to life imprisonment and fined 1 lakh., The incident occurred on October 7, 2024, in Mannancherry., The motive was personal enmity regarding the perpetrator's marriage to the victim's daughter., The prosecution examined 15 witnesses to secure the conviction.