ഹൈബ്രിഡ് കഞ്ചാവ്: ക്ലൈമാക്‌സിൽ സുല്‍ത്താനെ പുകച്ചുചാടിച്ച് എക്‌സൈസ്! സിനിമയെ വെല്ലും ഓപ്പറേഷൻ

ആലപ്പുഴ: ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവു പിടിച്ച സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ചെന്നൈയില്‍ അറസ്റ്റില്‍. മൂന്നു കിലോ കഞ്ചാവുമായി റിസോര്‍ട്ടില്‍നിന്നു പിടിയിലായ തസ്‌ലിമാ സുല്‍ത്താന(ക്രിസ്റ്റീന-41)യുടെ ഭര്‍ത്താവ്, ചെന്നൈ എണ്ണൂര്‍ സത്യവാണിമുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലി (43) ആണ് അറസ്റ്റിലായത്.
തമിഴ്‌നാട്-ആന്ധ്ര അതിര്‍ത്തിയായ എണ്ണൂരില്‍ ഒളിവില്‍ക്കഴിഞ്ഞ വാടകവീട്ടില്‍ നിന്നാണ് ആലപ്പുഴയിലെ എക്‌സൈസ് സംഘം ബുധനാഴ്ച രാവിലെ സാഹസികമായി ഇയാളെ പിടിച്ചത്. തായ്‌ലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിലായിരുന്നു ഇയാള്‍.
ആലപ്പുഴയില്‍ തസ്‌ലിമ അറസ്റ്റിലാകുമ്പോള്‍ സുല്‍ത്താനും രണ്ടു മക്കളും കൂടെയുണ്ടായിരുന്നു. കഞ്ചാവു കടത്തില്‍ ഇയാള്‍ക്കു പങ്കില്ലെന്നായിരുന്നു അന്ന് എക്‌സൈസിന്റെ നിഗമനം. അതിനാല്‍ വിട്ടയച്ചു. പിന്നീടുള്ള അന്വേഷണത്തില്‍ സുല്‍ത്താനാണ് കഞ്ചാവു കടത്തിലെ ആസൂത്രകനെന്ന തെളിവു ലഭിച്ചു. ഇയാള്‍ വിദേശത്തു നിന്നെത്തിക്കുന്ന കഞ്ചാവാണ് തസ്‌ലിമ വിറ്റിരുന്നത്.
ചെന്നൈ കേന്ദ്രീകരിച്ചാണ് സുല്‍ത്താന്റെ പ്രവര്‍ത്തനം. അവിടെ മൊബൈല്‍ഫോണും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില്‍ക്കുന്ന കട ഇയാള്‍ക്കുണ്ട്. മറ്റു കടകള്‍ക്ക് ഇവ വിതരണം ചെയ്യുന്നുമുണ്ട്. ഇവ വാങ്ങാന്‍ ഇയാള്‍ സിങ്കപ്പൂര്‍, തായ്‌ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ പോകുന്നതു പതിവായിരുന്നു. അവിടെനിന്നു മടങ്ങുമ്പോഴാണ് ഉപകരണങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് കഞ്ചാവും കടത്തിയിരുന്നത്.
എക്‌സൈസ് അന്വേഷിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ സുല്‍ത്താന്‍, മക്കളെ ബന്ധുവീട്ടിലാക്കി തായ്‌ലാന്‍ഡിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെയും മക്കളുടെയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഒളിവിടത്തെക്കുറിച്ചുള്ള വിവരം കിട്ടിയത്.
പ്രതിയെ ചെന്നൈ മെട്രപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ട്രാന്‍സിറ്റ് വാറന്റ് വാങ്ങി വ്യാഴാഴ്ച ആലപ്പുഴയിലെ കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. എം. മഹേഷ്, മറ്റുദ്യോഗസ്ഥരായ ഓംകാര്‍ നാഥ്, എം. റെനി, രവികുമാര്‍, സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ക്ലൈമാക്‌സില്‍ സുല്‍ത്താനെ പുകച്ചുചാടിച്ച് എക്‌സൈസ്
ആലപ്പുഴ: ചെന്നൈയില്‍ എക്‌സൈസ് പിടിയിലായ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതി സുല്‍ത്താന്‍ അക്ബര്‍ അലി ഒളിച്ചിരിക്കാന്‍ തിരഞ്ഞെടുത്തത് കുറ്റവാളികളുടെ താവളമായ എണ്ണൂരില്‍. ചെന്നൈ- ആന്ധ്ര അതിര്‍ത്തിയിലെ തുറമുഖപ്രദേശമായ എണ്ണൂരിലേക്ക് പുറത്തുനിന്ന് ആര്‍ക്കും എളുപ്പം കടന്നുചെല്ലാന്‍ കഴിയില്ല. ഇതു മനസ്സിലാക്കിയാണ് സുല്‍ത്താന്‍ ഒളിവില്‍ താമസിക്കാനായി ഇവിടെ വാടകവീടെടുത്തത്.
ആലപ്പുഴയില്‍നിന്നുള്ള എക്‌സൈസ് അന്വേഷണസംഘം മൂന്നു ദിവസം ചെന്നൈയില്‍ തങ്ങി അന്വേഷിച്ചെങ്കിലും വീട് കണ്ടെത്താനോ പ്രതിയിലേക്ക് എത്താനോ സാധിച്ചില്ല. പകല്‍സമയം സുല്‍ത്താന്‍ മുറിയില്‍ത്തന്നെ കഴിച്ചുകൂട്ടിയതിനാല്‍ അന്വേഷണസംഘത്തിന് ഒരു സൂചനയും കിട്ടിയില്ല. ഇയാള്‍ക്ക് പ്രദേശികമായി ഗുണ്ടാസ്വാധീനവും സംരക്ഷണവുമുണ്ട്. ഈ ഘട്ടത്തിലാണ് എക്‌സൈസിനെ സഹായിക്കാന്‍ ഒരാളെത്തുന്നത്. പ്രദേശത്തെ ഊര് തലൈവരും പഞ്ചായത്ത് പ്രസിഡന്റുമായ 'മതി'.
പ്രദേശത്തെ മുക്കും മൂലയും ഇദ്ദേഹത്തിനു കൃത്യമായി അറിയാം. അദ്ദേഹത്തെ സഹായിക്കാന്‍ അംഗരക്ഷകരുമുണ്ട്. എക്‌സൈസ് സംഘം സുല്‍ത്താന്റെ ചിത്രം തലൈവര്‍ക്കു കൈമാറി. വലിയ താമസുണ്ടായില്ല. എക്‌സൈസ് സംഘത്തെ അദ്ദേഹം സ്ഥലത്തെത്തിച്ചു. വീട്ടില്‍ പാഞ്ഞുകയറിയ സംഘത്തിനു മുന്നില്‍ ചെറുത്തുനില്‍പ്പിനു തുനിഞ്ഞെങ്കിലും സുല്‍ത്താനെ സാഹസികമായി എക്‌സൈസ് പിടികൂടി സുരക്ഷിതമായി പുറത്തെത്തിച്ചു.
മക്കളുടെ ഫോണില്‍നിന്ന് അച്ഛനിലേക്ക്
ആലപ്പുഴയില്‍നിന്ന് സുല്‍ത്താനെ മക്കള്‍ക്കൊപ്പം വിട്ടെങ്കിലും എക്‌സൈസ് അയാളെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. സുല്‍ത്താന്റെയും രണ്ടു മക്കളുടെയും മൊബൈല്‍ ഫോണ്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംശയിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ ഇയാള്‍ പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ മക്കളെ ബന്ധുവീട്ടിലാക്കി എണ്ണൂരിലേക്ക് കടക്കുകയായിരുന്നു. വിദേശത്തേക്ക് പോകാനായിരുന്നു പ്ലാന്‍.
ടിക്കറ്റെടുത്ത് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പാണ് പിടിയിലായത്. സുല്‍ത്താന്‍ ഇടയ്ക്കിടെ മക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇതാണ് എക്‌സൈസിനു പിടിവള്ളിയായത്. ഈ ഫോണ്‍വിളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സുല്‍ത്താന്റെ ഒളിയിടം കണ്ടെത്താന്‍ എക്‌സൈസിനെ സഹായിച്ചത്.
വാട്‌സാപ്പ് ചാറ്റില്‍ തെളിവേറേ
പ്രതിയുടെ വാട്‌സാപ്പ് ചാറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് സംഘത്തിനു ലഭിച്ചു. ഇയാള്‍ കഞ്ചാവ് കടത്തിലെ മുഖ്യസൂത്രധാരനാണെന്ന് ഉറപ്പിക്കുന്ന ഒട്ടേറേ തെളിവുകളാണ് ഇയാളുടെ ഫോണില്‍ കണ്ടെത്തിയത്. ഹൈബ്രിഡ് കഞ്ചാവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചുകൊണ്ട് ഇയാള്‍ ചിത്രം സഹിതം പലരുമായി ചാറ്റ് ചെയ്തതിന്റെ തെളിവുകളുണ്ട്.
വിദേശത്തുനിന്ന് കഞ്ചാവ് എത്തിച്ചശേഷം എറണാകുളത്തായിരുന്ന തസ്‌ലിമയ്ക്കും ഇയാള്‍ ഫോട്ടോ അയച്ചുനല്‍കിയിരുന്നു. തസ്‌ലിമയും സുല്‍ത്താനും പല സ്ഥലങ്ങളിലും കറങ്ങുന്നതിന്റെയും ഇടപാടുകള്‍ക്കായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് ശേഖരിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇയാളെ പ്രധാന കക്ഷിയാക്കി അന്വേഷണം ആരംഭിച്ചത്. ഇയാളുടെ വിദേശയാത്രകളും മറ്റ് അന്താരാഷ്ട്ര ബന്ധങ്ങളും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: alappuzha hybrid ganja case main accused sulthan arrested