അകത്തുനിന്നടച്ച വീട്ടിലെ കൊലപാതകം; പോലീസിനെ അമ്പരപ്പിച്ച കൗശലം,ആസൂത്രണം മുതിർന്നവരെപോലെ

ആലപ്പുഴ: അതിരാവിലെ പരിഭ്രമത്തോടെ എത്തിയാണ് അടുത്തബന്ധുവായ പെൺകുട്ടി ശിവൻകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് സമീപവാസികളെ വിളിച്ചുകൂട്ടിയത്. വീട്ടിലേക്കുള്ള വരവിനിടെ അയൽവാസിയുടെ ചോദ്യത്തിനുപോലും മറുപടി പറയാനാകാതെ തിരക്കിട്ട ഫോൺവിളിയിലായിരുന്നു അവൾ. നേരേചെന്ന് വീടിന്റെ കതകിൽ മുട്ടിയശേഷം കുറച്ചുമാറിയുള്ള അയൽവാസി ജോഷിയുടെ വീട്ടിലേക്കു പെൺകുട്ടി ഓടിക്കയറി.
'കതകിൽ മുട്ടിയിട്ടും വിളിച്ചിട്ടും തുറക്കുന്നില്ല, അങ്കിൾ കൂടെ വരുമോ' -എന്നു ചോദിച്ചു. ശിവൻകുട്ടി എങ്ങോട്ടെങ്കിലും പോയിക്കാണുമെന്ന് ജോഷി പറഞ്ഞപ്പോൾ ചെരിപ്പും സൈക്കിളുമുണ്ടെന്നായിരുന്നു മറുപടി. ഉടൻ ജോഷിയും സമീപത്തു വീടുപണിയിലേർപ്പെട്ട തൊഴിലാളികളുമെത്തി കതകിൽ മുട്ടി വിളിച്ചുനോക്കി.
മറുപടിയില്ലാത്തതിനാൽ അടുക്കളവാതിലിന്റെ ഗ്രില്ല് തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് കിടക്കവിരി ഉപയോഗിച്ചു കൈയുംകാലും കൂട്ടിക്കെട്ടി ചുരുണ്ടുകൂടി കിടക്കുന്ന നിലയിൽ മൃതദേഹം കാണുന്നത്. ഇതുകണ്ട് അലമുറയിട്ട പെൺകുട്ടി വീട്ടുജോലിക്കെത്തിയ ബംഗാളികൾ കൊന്നതാണെന്നും വിളിച്ചുപറഞ്ഞു.
അകത്തുനിന്നടച്ച വീട്ടിലെകൊലപാതകം; പോലീസിനെ അമ്പരപ്പിച്ച കൗശലം
ഹരിപ്പാട്: മുൻവാതിലും അടുക്കളയുടെ ഗ്രില്ലും അകത്തുനിന്ന് അടച്ചിട്ടിരിക്കുന്ന വീട്ടിൽ വയോധികൻ കൊല്ലപ്പെട്ടത് പോലീസിനെ അമ്പരപ്പിച്ചിരുന്നു.
ശൗചാലയത്തിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് വിണ്ടിരുന്നെങ്കിലും അതുവഴി അകത്തുകയറി കൊല നടത്താനുള്ള സാധ്യത വിരളമായതിനാലാണത്. മണിക്കൂറുകൾക്കകം കേസിന്റെ ചുരുളഴിക്കാൻ കഴിഞ്ഞപ്പോഴാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ആശ്വാസമായത്.
കുറ്റാരോപിതരിൽ രണ്ടുപേരാണ് ആദ്യം അകത്തുകയറിയത്. കട്ടിലിൽ ഉറങ്ങിക്കിടന്ന ശിവൻകുട്ടിയെ ഇവർ കിടക്കവിരികൊണ്ട് കെട്ടിയിട്ടശേഷം ആക്രമിക്കുകയായിരുന്നു. പിന്നാലെ മുൻവാതിൽ തുറന്ന് സംഘത്തിലെ മൂന്നാമനെയും അകത്തുകയറ്റി. തുടർന്ന്, മൂന്നുപേരും ചേർന്നായിരുന്ന ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
സ്വർണാഭരണങ്ങൾ അപഹരിച്ച് രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങി. മൂന്നാമൻ മുൻവാതിൽ അകത്തുനിന്ന് അടച്ചശേഷം കയറിയതുപോലെ എയർഹോൾ വഴി പുറത്തിറങ്ങി. ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിയിരുന്നില്ലെങ്കിൽ പ്രതികൾ അകത്തു കയറിയ വഴിയറിയാതെ പോലീസ് ആശയക്കുഴപ്പത്തിലാകുമായിരുന്നു.
ഡി.ഐ.ജി. യതീഷ് ചന്ദ്ര, ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം.
ആസൂത്രണം മുതിർന്നവരെപോലെ
ആലപ്പുഴ: പ്രായപൂർത്തിയാകാത്തവരാണ് കുറ്റാരോപിതരെങ്കിലും ആസൂത്രണം മുതിർന്നവരെപ്പോലെയെന്നു ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്.
മുതിർന്നവരെപ്പോലെ എന്തെല്ലാം ചെയ്യണമെന്നും എങ്ങനെ പ്രതിരോധിക്കണമെന്നുമെല്ലാം പ്രതികൾ ആസൂത്രണംചെയ്തിരുന്നു.
എന്നാൽ, അന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ പൊരുത്തക്കേടും മൊഴിയിലെ വൈരുധ്യവുമാണ് പോലീസിനെ സമാന്തര അന്വേഷണം നടത്താൻ പ്രേരിപ്പിച്ചത്. സ്വർണവും പണവും അപഹരിക്കുകയായിരുന്നു ലക്ഷ്യം.
കുറ്റാരോപിതയ്ക്കെതിരേ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: An elderly man, Shivankutty, was murdered in Haripad, Alappuzha by minors for gold and money., The accused meticulously planned the crime, locking doors from inside and creating a confusing escape route., Police grew suspicious due to the relative girl's inconsistent behavior and contradictory statements., DIG Yatish Chandra and District Police Chief T.K. Vishnu Pradeep led the successful investigation.