കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗമെടുത്ത് തിന്നു, വീഡിയോ വൈറലായി; അഘോരി വനിത അറസ്റ്റിൽ

ഉജ്ജയിൻ: കത്തുന്ന ചിതയിൽ നിന്ന് മൃതദേഹഭാഗമായ മനുഷ്യമാംസം ഭക്ഷിച്ച അഘോരി വനിത അറസ്റ്റിലായി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് കാളി നന്ദ് ഗിരി എന്ന അഘോരി സന്ന്യാസിനിയെ അറസ്റ്റ് ചെയ്തത്. വാൾ ഉപയോഗിച്ച് ചിതയിൽ നിന്ന് മാംസം കുത്തിയെടുത്താണ് ഇവർ കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ മനുഷ്യമാംസം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
കിന്നർ അഖാഡയുടെ ഭാഗമായ വിഷ്ണുനാഥ് മഹാരാജ് എന്നയാളുടെ പരാതിയിലാണ് കാളി നന്ദ് ഗിരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്മശാനത്തിലേക്ക് അതിക്രമിച്ച് കടന്നതിനും സംസ്‌കാരച്ചടങ്ങുകൾ അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമുള്ള ബിഎൻഎസ് വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അല്ലൂരി ശ്രീനിവാസ് എന്ന പേരുള്ള പുരുഷനായിരുന്ന കാളി നന്ദ് ഗിരി പിന്നീട് ട്രാൻസ്‌ജെൻഡറായി മാറുകയായിരുന്നു. ഉജ്ജയിനിലെ ലേഡി അഘോരി എന്നാണ് ഇവർ സോഷ്യൽ മീഡിയയിൽ സ്വയം വിശേഷിപ്പിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
കാളി നന്ദ് ഗിരിയുടെ പ്രവൃത്തിയെ അപലപിച്ച് ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ശൈലേശാനന്ദ ഗിരി രംഗത്തെത്തി. പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്ന് വ്യക്തമാക്കിയ അദ്ദേഹം, അഘോരിമാർ തങ്ങളുടെ സാധനകൾ രഹസ്യമായാണ് സൂക്ഷിക്കേണ്ടതെന്നും പറഞ്ഞു. മനുഷ്യമാംസം കഴിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്യുന്നവർ രക്തദാഹികളുടെ വിഭാഗത്തിൽ പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kali Nand Giri, known as Lady Aghori, was arrested in Ujjain for eating human flesh from a funeral pyre., The incident came to light after videos of her consuming human flesh went viral on social media., A formal complaint was filed by Vishnu Nath Maharaj of Kinnar Akhada leading to BNS charges., The accused was remanded to 15 days of judicial custody by the court.