അടൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് മാതാവ്; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, ചോദ്യംചെയ്യുന്നു

#ന്യൂസ് ഡെസ്ക്
ഷെഹന
ഷെഹന

പത്തനംതിട്ട: അടൂർ കോട്ടമുകളിലെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യെയാണ് വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്താണ് കൊലപാതകം നടത്തിയതെന്ന് കുടുംബം ആരോപിച്ചു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജോലികഴിഞ്ഞ് മകനെ ട്യൂഷൻ ക്ലാസിലാക്കി തിരിച്ചുവന്ന് പത്ത് മിനുട്ട് കഴിഞ്ഞപ്പോഴാണ് മരണം സംഭവിച്ചത്. ആൺ സുഹൃത്താണ് കൊലപാതകം നടത്തിയതെന്നും ഷെഹനയുടെ അമ്മ ഷീജ പ്രതികരിച്ചു.

അതേസമയം, പോലീസ് കൊലപാതകം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ കഴിയുകയുളളൂവെന്ന നിലപാടിലാണ് പോലീസുള്ളത്. കസ്റ്റഡിയിലെടുത്ത ആൺസുഹൃത്തിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഷെഹനയുമായി വാക്കുതർക്കമുണ്ടായിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഏഴിനാണ് ഷെഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷെഹനയുടെ വീട്ടിൽനിന്ന് ബഹളംകേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഷെഹനയുടെ ശരീരത്തിൽനിന്നും രക്തം വരുന്നുണ്ടായിരുന്നു.

തുടർന്ന് ഇവർ അടൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നു.

Content Highlights: 31-year-old Shehena found dead in Adoor, Pathanamthitta., Family alleges murder, pointing suspicion toward a male friend present at the scene., Police have detained the suspect for questioning following reports of a domestic dispute., Post-mortem report awaited to confirm cause of death., Local councillor alerted police after neighbors heard a commotion.