യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായികയും ഉൾപ്പെടെ 8 പേർ രാസലഹരിയുമായി പിടിയിൽ

#ന്യൂസ് ഡെസ്‌ക്
അഞ്ജു കൃഷ്ണ | Photo: x.com/JournoPG
അഞ്ജു കൃഷ്ണ | Photo: x.com/JournoPG

ചെന്നൈ: മലയാളി യുവനടി അഞ്ജു കൃഷ്ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്തുക്കളുമായി പിടിയിൽ. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്ണ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിന്റെ പിടിയിലായത്.

ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റാണ് മെത്താംഫെറ്റമിൻ, എൽഎസ്ഡി സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായി സംഘത്തെ പിടികൂടിയത്. നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ എന്നയാളെ പിടികൂടിയതിൽ നിന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.

Content Highlights: Malayalam actress Anju Krishna and assistant director Vinci Niveda, along with 6 others, were apprehended in Chennai with drugs. Read the full story here.