ആ ബിരിയാണി ആര്‍ക്ക്? കൊലക്കേസിൽ അറസ്റ്റിലായ നടൻ ദര്‍ശന് VIP പരിഗണനയെന്ന് ആരോപണം, നിഷേധിച്ച് പോലീസ്

ബെംഗളൂരു: കൊലക്കേസില്‍ അറസ്റ്റിലായ കന്നഡ സിനിമാതാരം ദര്‍ശനും കൂട്ടുപ്രതികള്‍ക്കും പോലീസ് സ്‌റ്റേഷനില്‍ വി.ഐ.പി. പരിഗണന ലഭിച്ചതായി ആരോപണം. പ്രതികളെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ബെംഗളൂരു അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ബിരിയാണി പൊതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കന്നഡ ടി.വി. ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇത്തരം ആരോപണമുയര്‍ന്നത്. എന്നാല്‍, പോലീസ് ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചു.
നഗരത്തിലെ പ്രമുഖ റസ്റ്ററന്റില്‍നിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് ബിരിയാണി പൊതികള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് നടന്‍ ദര്‍ശന് വേണ്ടി കൊണ്ടുവന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതോടെ സാമൂഹികമാധ്യമങ്ങളിലടക്കം പോലീസിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. ഇതുസംബന്ധിച്ച വിവാദം കത്തിപ്പടര്‍ന്നതോടെയാണ് പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കായി എത്തിയ പോലീസ് കബഡി ടീമിലെ അംഗങ്ങള്‍ക്കായാണ് ബിരിയാണി കൊണ്ടുവന്നതെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഉയര്‍ന്ന സുരക്ഷക്രമീകരണങ്ങള്‍ ആവശ്യമുള്ള സാഹചര്യങ്ങളില്‍ പോലീസ് കബഡി ടീമിലെ അംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിക്കാറുണ്ട്. കഴിഞ്ഞദിവസം ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതായും ഇവര്‍ക്കായാണ് ബിരിയാണി പൊതികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. നടന്‍ ദര്‍ശന്‍ സ്റ്റേഷനിലെ സെല്ലില്‍വെച്ച് ഇഡ്ഡലിയാണ് കഴിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.
അതേസമയം, പ്രതികള്‍ക്ക് ചിക്കന്‍ ബിരിയാണി വാങ്ങിനല്‍കുന്നത് പോലീസിന്റെ പഴയതന്ത്രമാണെന്നാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ ഇത്തരം രീതികള്‍ പിന്തുടരാറില്ലെന്നും ഇവര്‍ പറയുന്നു. രാത്രി ബിരിയാണി കഴിച്ചാല്‍ പ്രതികള്‍ക്ക് മയക്കം വരും. എന്നാല്‍, ഈ സമയത്ത് പോലീസുകാര്‍ ഇവരെ ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യംചെയ്യും. ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പ്രതികള്‍ക്ക് എങ്ങനെയെങ്കിലും ഉറങ്ങിയാല്‍ മതിയെന്നസ്ഥിതിയാകും. ഇതോടെ മനസിലുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങുമെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
അതിനിടെ, നടന്‍ ദര്‍ശനെയും സുഹൃത്തായ നടി പവിത്ര ഗൗഡയെയും കൊലക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ പവിത്ര ഗൗഡയുടെ മകള്‍ക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. പവിത്രയുടെ മകളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇവര്‍ കമന്റ് ബോക്‌സ് അടച്ചുപൂട്ടി. പവിത്രയുടെ ഉറ്റസുഹൃത്തിന്റെ മകള്‍ക്ക് നേരേയും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണമുണ്ടായി.
Content Highlights: actor darshan biriyani controversy