'ആട് ഒരു ഭീകരജീവിയാണ്': 21 ഭാര്യമാർ, 200 കേസുകൾ; കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ കുടുക്കിയ കഥ| FIR

നാടിനെ നടുക്കിയ കുറ്റകൃത്യങ്ങളും പ്രതികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ എങ്ങനെ എത്തിയെന്നും വിവരിക്കുന്ന പംക്തിയാണ് എഫ്.ഐ.ആർ. (ഫൈനൽ ഇൻഫർമേഷൻ റിപ്പോർട്ട്). പിടികൂടിയ പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുണ്ട്…
കൃത്യനിർവഹണം നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുക, സഹപ്രവർത്തകനെ മാരകമായി പരിക്കേൽപ്പിച്ച് രക്ഷപ്പെടുക - കേസിലെ പ്രതിയെ വർഷങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതിരിക്കുക. കേരള പോലീസിന് നാണക്കേട് ഏറെയുണ്ടാക്കിയ കേസായിരുന്നു പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയുടെ കൊലപാതകം.
കേസിലെ പ്രതിയായ ആട് ആന്റണിയാകട്ടെ പോലീസ് പിന്തുടർന്നപ്പോഴെല്ലാം അതിവിദഗ്ധമായി കബളിപ്പിച്ച് കടക്കുകയും ചെയ്തു. കൊലപാതകം നടന്ന് മൂന്നുവർഷത്തിനുശേഷം ആന്റണിയെ പിടികൂടിയ ഓർമ്മകൾ അന്നത്തെ പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവിൽ തൃശ്ശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറുമായ എം.എൽ. സുനിൽ പങ്കിടുന്നു.
അന്ന് സംഭവിച്ചത്
2012 ജൂൺ 26-ന് പുലർച്ചെ 12 മണി. പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുളമട ജവഹർ ജങ്ഷന് സമീപം രാത്രികാല നിരീക്ഷണം നടത്തുകയായിരുന്നു എ.എസ്.ഐ. ജോയിയും ഡ്രൈവർ മണിയൻപിള്ളയും. സമീപത്തെ കംപ്യൂട്ടർ സ്ഥാപനത്തിൽ മോഷണം നടത്തിക്കിട്ടിയ മുതലുകളുമായി വാനിൽ വന്നയാൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത് യാദൃച്ഛികമായാണ്.
കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിലേക്ക് ഇയാളെ മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. കൈയിൽ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് മണിയൻപിള്ളയുടെ കൈയിലും നെഞ്ചിലും ഇയാൾ കുത്തിക്കൊലപ്പെടുത്തി.
തടയാൻ ശ്രമിച്ച ജോയിയെ വയറ്റിൽ മൂന്നുതവണ കുത്തിയശേഷം ജീപ്പിൽനിന്ന് ചാടിയിറങ്ങിയശേഷം ഇയാൾ വാനിൽക്കയറി രക്ഷപ്പെട്ടു. കൊലപാതകം നടത്തിയത് കൊടുംകുറ്റവാളിയായ ആട് ആന്റണിയാണെന്ന് തിരിച്ചറിഞ്ഞത് അടുത്തദിവസമാണ്.
സംഭവത്തിനുശേഷം മൂന്നേകാൽ വർഷത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിലായിരുന്നു ആന്റണി. മൂന്നരവർഷം നീണ്ട തിരച്ചിലിൽ കേരള പോലീസിന്റെ ചരിത്രത്തിൽത്തന്നെ അടയാളപ്പെടുത്തപ്പെട്ടതാണ്. കേരളത്തിലും പുറത്തും 200-ഓളം കേസിലെ പ്രതിയായിരുന്നു ആന്റണി.
ആടിനെ കട്ട് തുടക്കം
കുണ്ടറ കുമ്പളം സ്വദേശിയായ ആന്റണി വർഗീസ് അയൽവീട്ടിലെ ആടിനെ മോഷ്ടിച്ചതോടെയാണ് ആട് ആന്റണിയായത്. ആട് മോഷണത്തിനുശേഷം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കായി ശ്രദ്ധ. വിലയേറിയ ടെലിവിഷനുകൾ, ലാപ്ടോപ്പുകൾ എന്നിവ പതിവായി മോഷ്ടിച്ചു.
50 ലക്ഷത്തിലേറെ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വൻശേഖരംതന്നെ ഇയാളുടെ താമസസ്ഥലത്തുനിന്ന് പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു.
21 ഭാര്യമാർ, 200 കേസുകൾ
ബിസിനസുകാരനായും കംപ്യൂട്ടർ പ്രൊഫഷണലായുമെല്ലാം വേഷമിട്ട് സ്ത്രീകളെ വലയിൽ വീഴ്ത്താൻ വിദഗ്ധനായിരുന്നു ആന്റണി. കേരളത്തിനകത്തും പുറത്തുംനിന്നായി 21 പേരെയാണ് ഇയാൾ വിവാഹം ചെയ്തത്.
ഇവരിൽനിന്ന് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളെപ്പറ്റി ഭാര്യമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നേപ്പാളിലും ബംഗ്ളാദേശ് അതിർത്തിയിലേക്കുമെല്ലാം അന്വേഷണം നീണ്ടു.
പരിശ്രമിച്ചത് ഒരുവർഷം
ആന്റണിക്കായി, നേപ്പാളിലും ബംഗ്ളാദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മൂന്നുവർഷം നീണ്ട അന്വേഷണം. എന്നിട്ടും ഒരു തെളിവും കിട്ടിയില്ല. ഒടുവിൽ 2014-ൽ ആന്റണിയുടെ ഭാര്യയുടെ അനുജത്തിയുടെ നീക്കങ്ങളും മൊബൈൽഫോൺ വിളികളും തുടർച്ചയായി നിരീക്ഷിച്ചതിലൂടെയാണ് നേരിയ പ്രതീക്ഷയുണ്ടായത്.
ആന്റണിയുടെ ഒരു കുട്ടി ഒറ്റപ്പാലത്തുള്ള മഠത്തിൽ പഠിക്കുന്നുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിൽ ആന്റണിക്ക് മറ്റൊരു ഭാര്യയുമുണ്ടായിരുന്നു. ഇവരുടെ ആദ്യവിവാഹത്തിലെ കുട്ടികളും മഠത്തിലുണ്ടായിരുന്നു.
ആന്റണി എത്താറുണ്ടെന്ന് സംശയംതോന്നിയ ഒറ്റപ്പാലത്തും തിരുപ്പൂരിലും മലമ്പുഴയിലും ഏഴുമാസത്തോളം നിരീക്ഷണം നടത്തി. പിടികൂടുമ്പോൾ കൊഴിഞ്ഞാമ്പാറയിലെ ഭാര്യക്കൊപ്പമായിരുന്നു ആന്റണി താമസിച്ചിരുന്നത്.
ഭാര്യയുടെ അനുജത്തി പാലക്കാട് താമസിക്കുന്നുണ്ടായിരുന്നു. ഇവരെ നിരീക്ഷിച്ചതിൽനിന്നാണ് ആന്റണിയുടെ ഒറ്റപ്പാലത്തെയും യാക്കരയിലെയും പോക്കുവരവിനെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടിയത്. തമിഴ്നാട് ധാരാപുരത്ത് ഭൂമിയും വീടുമുണ്ടായിരുന്നു ആന്റണിക്ക്. അവിടെ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ കണ്ടെത്താനായിരുന്നില്ല.
പിടികൂടുന്നതിന്റെ തലേന്നും ആന്റണി കൊഴിഞ്ഞാമ്പാറയിൽ ഉണ്ടായിരുന്നു. അന്ന് ആന്റണിയുടെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ധാരാപുരത്തേക്ക് പോയ ആന്റണി, ഭാര്യയുടെ ഫോണിലേക്ക് രാത്രി വൈകി ഒരു പബ്ളിക് ടെലിഫോൺ ബൂത്തിൽനിന്ന് വിളിച്ച് താൻ പിറ്റേന്ന് രാവിലെ എട്ടുമണിക്ക് മടങ്ങിയെത്തുമെന്ന് അറിയിച്ചു.
പറഞ്ഞ സമയത്തുതന്നെ ആന്റണി കൈയിൽ ഒരു ബാഗുമായി എത്തുമ്പോഴാണ് 2015 ഒക്ടോബർ 14-ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ബാഗിൽ കത്തിയടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. ആന്റണിയെ പിടികൂടാനായത് ഏറെ അഭിമാനകരമായ നേട്ടമാണ്.
അന്വേഷണത്തിന് പ്രത്യേകസംഘം
വിവിധ വേഷങ്ങളിൽ തിരിച്ചറിയാൻ കഴിയാത്തവിധം ഒളിവിൽക്കഴിയുകയായിരുന്നു ആന്റണി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകി മൂന്നുവർഷത്തിലധികം ഇയാൾക്കായി അന്വേഷണം നടത്തി.
പാലക്കാട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.എൽ. സുനിലിന്റെ നേതൃത്വത്തിൽ ഒരുവർഷത്തോളം നടത്തിയ തുടർച്ചയായ നിരീക്ഷണത്തിലാണ് കൊഴിഞ്ഞാമ്പാറയിൽനിന്ന് ആന്റണിയെ പിടികൂടിയത്.
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തവും 4,45,000 രൂപ പിഴയും 2016 ജൂലായിൽ ആന്റണിക്ക് വിധിച്ചിരുന്നു. നിലവിൽ തടവിൽ കഴിയുകയാണ് ആന്റണി
Content Highlights: Detailed account of the manhunt for notorious criminal Aad Antony by Kerala Police. Insights from former Palakkad Special Branch DySP M.L. Sunil on the operation. Background of the Parippally police driver Maniyanpillai murder case and Antony's arrest.