മദ്യപിക്കാൻ വെള്ളം നൽകാൻ വിസമ്മതിച്ചു; ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു

കാസ്ഗഞ്ച്: മദ്യപിക്കുന്നതിനിടയിൽ വെള്ളം എടുത്തു നൽകാൻ വിസമ്മതിച്ച ഒമ്പതു വയസ്സുകാരനെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ വെള്ളിയാഴ്ചയാണ് ഈ ദാരുണമായ സംഭവം നടന്നത്. കേസിൽ ഒരാൾ അറസ്റ്റിലായതായി പോലീസ് ശനിയാഴ്ച അറിയിച്ചു. യഷ് എന്ന് വിളിക്കുന്ന യശ്പാൽ എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യാകുത്ഗഞ്ച് ഗ്രാമത്തിൽ ഒരു പേരിടൽ ചടങ്ങിനിടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയുടെ വയറ്റിൽ വെടിയുതിർത്തത്. കുട്ടിയുടെ അമ്മാവൻ അനുജ് പറയുന്നതനുസരിച്ച്, ബന്ധുക്കളും ഗ്രാമവാസികളും ചടങ്ങിനായി ഒത്തുകൂടിയ സമയത്താണ് പ്രതിയായ ധനേഷ് യാദവ് കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടത്.
കുട്ടിയുടെ പിതാവ് ജസ്‌വീർ ഗോളയുടെ ബന്ധുവാണ് ധനേഷ് യാദവ്. കുട്ടി വെള്ളം നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന്, മദ്യലഹരിയിലായിരുന്ന പ്രതി ക്ഷുഭിതനാകുകയും കുട്ടിയുടെ വയറ്റിൽ വെടിവെക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിനെത്തുടർന്ന് ചടങ്ങിനിടെ വലിയ പരിഭ്രാന്തിയുണ്ടായി.
പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, നില അതീവ ഗുരുതരമായതിനാൽ പിന്നീട് അലിഗഡിലേക്ക് മാറ്റി. ശനിയാഴ്ച ചികിത്സയ്ക്കിടെ കുട്ടി മരണത്തിന് കീഴടങ്ങിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി എസ്എച്ച്ഒ ഗോവിന്ദ് ബല്ലഭ് ശർമ്മ അറിയിച്ചു.
സംഭവസ്ഥലത്തുനിന്നും ഒളിവിൽ പോയ പ്രതിയെ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപത്തുവെച്ച് പോലീസ് പിടികൂടി. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തുടർ നടപടികൾ നടക്കുകയാണെന്നും സംഭവത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും അന്വേഷണം നടത്തിവരികയാണെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഭാരതി പറഞ്ഞു
Content Highlights: 9-year-old victim killed in Yakutganj village, Kasganj. Accused Dhanesh Yadav opened fire after child refused to fetch water for alcohol. Victim succumbed to injuries at Aligarh hospital. Police arrested the accused near Khitauli canal bridge with the weapon. Case registered under Sahawar police station jurisdiction.