ദിവസങ്ങൾക്കിടെ UCO ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിയത് 820 കോടി; 67 കേന്ദ്രങ്ങളിൽ CBI റെയ്ഡ്,വൻ ദുരൂഹത

മുംബൈ: 820 കോടി രൂപയുടെ വിവാദ ഐഎംപിഎസ് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും 67 കേന്ദ്രങ്ങളിൽ പരിശോധന നടത്തി സിബിഐ. കഴിഞ്ഞ വർഷം നവംബർ പത്തിനും 13-നും ഇടയിൽ 8,53,049 ഐ.എം.പി.എസ് ഇടപാടുകൾ വഴി യുക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ തെറ്റായി ട്രാൻസ്ഫർ ചെയ്യപ്പെട്ടുവെന്ന് നേരത്തെ ബാങ്ക് പരാതി നൽകിയിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരിശോധന.
യൂക്കോ ബാങ്കിന്റെ പരാതിയെത്തുടര്‍ന്ന് 2023 നവംബറില്‍ തന്നെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശരിയായ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെടാതെയാണ് യൂക്കോ ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തിയത്. പണം ലഭിച്ചവരില്‍ പലരും തുക പിന്‍വലിക്കുകയും ചെയ്തു. പണം ബാങ്കിനെ തിരികെ ഏൽപ്പിക്കാതെ പിൻവലിച്ചവരെ കേന്ദ്രീകരിച്ചാണ് പരിശോധനകളെന്ന് സിബിഐ അറിയിച്ചു.
2023 ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും സ്വകാര്യ വ്യക്തികളും ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് 13 ഇടങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും പരിശോധന. ഇത്തരം പരിശോധനകളിൽ നിന്നായി യൂക്കോ ബാങ്കും ഐഡിഎഫ്‌സിയുമായി ബന്ധപ്പെട്ട് ഏകദേശം 130-ഒാളം രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: 820 crore payments scam in UCO Bank, CBI raids in seven cities