വിവാഹേതരബന്ധത്തിന് സാക്ഷിയായി; 6 വയസ്സുകാരിയെ കൊന്ന് കിണറ്റിൽതള്ളി 30-കാരിയും 17-കാരൻ ആൺസുഹൃത്തും

ഹാഥ്റസ് (ഉത്തര്‍പ്രദേശ്): വിവാഹേതരബന്ധം പുറത്തറിയാതിരിക്കാന്‍ ആറു വയസുകാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ വീട്ടമ്മയായ 30-കാരിയും 17-കാരനും അറസ്റ്റില്‍. സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. ആറു വയസുകാരിയായ ഉര്‍വി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മൂന്നുമാസമായി അടുപ്പത്തിലായിരുന്ന 30-കാരിയും 17-കാരനും അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ ഒരു ചടങ്ങിനിടെയാണ് ഉര്‍വിയെ കാണാതായതായി വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തെ കിണറ്റില്‍ ഒരു ചണ ബാഗില്‍ കഴുത്തില്‍ തുണി കെട്ടിയ നിലയില്‍ ഉര്‍വിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ 30-കാരിയുടെ കൈയിലെ കടിയേറ്റ പാട് പോലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പിന്നീട് ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് പറയുന്നതിങ്ങനെ; മൂന്നു മാസത്തോളമായി 30-കാരിയും 17-കാരനും തമ്മില്‍ ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് യുവതി, 17-കാരനെ വീട്ടിലേക്ക് വിളിച്ചു. ഇരുവരും തമ്മില്‍ വീട്ടിനുള്ളില്‍ വെച്ച് അടുത്തിടപഴകുന്നത് പെണ്‍കുട്ടി കാണുകയായിരുന്നു. ഇക്കാര്യം തന്റെ അച്ഛനോട് പറയുമെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിക്കുന്ന സമയത്ത് പെണ്‍കുട്ടി കടിച്ച പാടാണ് യുവതിയുടെ കൈയിലുണ്ടായിരുന്നത്. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ എറിയുകയായിരുന്നു.
Content Highlights: 6-Year-Old Murdered in Uttar Pradesh; Woman, Minor Arrested for Concealing Illicit Relationship