സരോവരത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത് 53 അസ്ഥികൾ; കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും കിട്ടി

#സ്വന്തം ലേഖകന്‍
Photo: special arrangement
Photo: special arrangement

കോഴിക്കോട്: സരോവരം തണ്ണീര്‍ത്തടത്തില്‍ ആറുവര്‍ഷംമുന്‍പ് സുഹൃത്തുകള്‍ കെട്ടിത്താഴ്ത്തിയ വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വാഴത്തുരുത്തിക്ക് സമീപമുള്ള ചതുപ്പില്‍ പരിശോധന ആരംഭിച്ച് എട്ടാംദിവസമായ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്.

മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ഡിഎന്‍എ പരിശോധനകൂടി പൂര്‍ത്തിയാക്കിയാലേ ലഭിച്ച അസ്ഥികള്‍ വിജിലിന്റേതാണെന്ന് ഉറപ്പിക്കാനാകൂ. പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. 30-നടുത്ത് പ്രായംവരും. 170 സെന്റീമീറ്റര്‍ ഉയരമാണ് കണക്കാക്കുന്നത്. വിജിലിനെ കെട്ടിത്താഴ്ത്തിയെന്ന് പ്രതികള്‍ കാണിച്ചുകൊടുത്ത ഇടത്തോട് ചേര്‍ന്നാണ് ഏഴുദിവസവും തിരച്ചില്‍ നടത്തിയിരുന്നത്. ഇവിടെനിന്ന് 42 മീറ്ററോളം മാറി നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്. ചതുപ്പില്‍നിന്ന് വെള്ളം പമ്പ്‌ചെയ്തും മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ചെളിനീക്കിയുമാണ് തിരച്ചില്‍ പുരോഗമിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തിരച്ചില്‍ താത്കാലികമായി നിര്‍ത്തിയതായി പോലീസ് അറിയിച്ചു.

കേസില്‍ അറസ്റ്റിലായ പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവരെ രണ്ടാംഘട്ട തിരിച്ചിലിനായി പോലീസ് തിങ്കളാഴ്ചയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അസ്ഥികള്‍ ലഭിച്ചത്. ഇവരെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ രഞ്ജിത്ത് ഒളിവിലാണ്.

ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്റഫിന്റെയും എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. ഡിസിപി അരുണ്‍ കെ. പവിത്രന്‍ വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയ സ്ഥലത്തെത്തിയിരുന്നു. ഫൊറന്‍സിക് സര്‍ജന്‍ ഡോ. സഞ്ജയുടെ നേതൃത്വത്തിലാണ് അസ്ഥികള്‍ പരിശോധിച്ചത്.

2019 മാര്‍ച്ച് 24-ന് ഉച്ചയോടെ അമിത അളവില്‍ ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. ശേഷം സരോവരത്തെ ചതുപ്പില്‍ കല്ലുകെട്ടിത്താഴ്ത്തി. എട്ടുമാസത്തിനുശേഷം ചതുപ്പില്‍നിന്ന് അസ്ഥിഭാഗങ്ങളെടുത്ത് മരണാനന്തരകര്‍മങ്ങള്‍ ചെയ്‌തെന്നും മൊഴിയിലുണ്ട്.

Content Highlights: Remains, possibly of K.T. Vijil, found in Kozhikode swamp after 6 years. Stones, rope recovered