ട്രെയിനില്‍ വന്‍ ഹവാല വേട്ട; 32 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍

കോട്ടയം: മഹാരാഷ്ട്രയില്‍ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനില്‍ ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി ഒരാളെ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് കോട്ടയം റെയില്‍വേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ട്രയിനിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റെയില്‍വേ പൊലീസും എക്സൈസും ആര്‍പിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഇത്തരത്തിലുള്ള പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയില്‍ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്നു. ഈ ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്.
ഇയാളുടെ ബാഗിനുള്ളില്‍ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ഇത് തുറന്നു നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ നിന്നും 500 രൂപയുടെ കെട്ടുകള്‍ കണ്ടെത്തിയത്. ഓച്ചിറയിലെ പത്മിനി ഗോള്‍ഡ് ഷോപ്പിലേയ്ക്കു കൊണ്ടു പോകുകയാണ് പണം എന്ന മൊഴിയാണ് പ്രതി നല്‍കിയത്.
തുടര്‍ന്ന്, മഹ്സര്‍ അടക്കം തയ്യാറാക്കിയ ശേഷം പ്രതിയെ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതിന് ശേഷം വിവരം ആദായനികുതി വകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ആദായനികുതി വകുപ്പ് അധികൃതര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. പിടിച്ചെടുത്ത പണം എസ്.ബി.ഐ അധികൃതര്‍ക്ക് കൈമാറി.
നോട്ട് കള്ളനോട്ടാണോ എന്ന് പരിശോധിച്ച് ബാങ്ക് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പണം ഹാജരാക്കിയ ശേഷം ട്രഷറിയില്‍ പണം അടച്ച് കാര്യങ്ങള്‍ തീര്‍പ്പാക്കുമെന്നും റെയില്‍വേ എസ്.ഐ റെജി പി.ജോസഫ് അറിയിച്ചു.
റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ റെജി പി.ജോസഫ്, എക്സൈസ് ഇന്‍സെക്ടര്‍ രാജേന്ദ്രന്‍, എ.എസ്.ഐ റൂബി , ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ശരത്, ആര്‍പിഎഫ് എഎസ്.ഐ റൂബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: 32 Lakh Hawala Money Seized on Train