മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പീഡനത്തിനിരയായെന്ന് സംശയം, അടുത്ത ബന്ധു കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം| Mathrubhumi news
പ്രതീകാത്മക ചിത്രം| Mathrubhumi news

കൊച്ചി: മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പോലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം.

ഇന്നലെ പകലാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകള്‍ പോലീസിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം. 

വിഷയത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളില്‍ ചിലര്‍ സംശയനിഴലിലാണ് എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പൂര്‍ണമായ റിപ്പോര്‍ട്ട് വന്നിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറസന്‍സിക് ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധനയില്‍ കണ്ട സംശയങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവര്‍ കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ ഇവര്‍ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. 

തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേര്‍ന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ ഒരാളാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇയാളെ ഒരു ബന്ധുവിന്റെ ഫോണില്‍ നിന്നാണ് വിളിപ്പിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ മുതല്‍ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നാണ് വിവരം. 


 

Content Highlights: 3-Year-Old Kochi Girl`s Death: Postmortem Reveals Sexual Assault