ആമസോൺ മാനേജരുടെ കൊലയ്ക്കു പിന്നിൽ 'മായ ഗ്യാങ്'; നേതാവ് 18-കാരൻ, നടത്തിയത് 4 കൊലകൾ, തോക്കുമേന്തി റീൽ

മുഹമ്മദ് സമീര്‍ എന്ന മായയുടെ ഇന്‍സ്റ്റ റീലുകളില്‍ നിന്ന് | Photos : Instagram / @king_maya__302
മുഹമ്മദ് സമീര്‍ എന്ന മായയുടെ ഇന്‍സ്റ്റ റീലുകളില്‍ നിന്ന് | Photos : Instagram / @king_maya__302

ന്യൂഡല്‍ഹി: നാല് കൊലപാതകങ്ങള്‍, സംഘത്തില്‍ ഒരുഡസനോളം അംഗങ്ങള്‍, തോക്കുമേന്തിയുള്ള ഇന്‍സ്റ്റഗ്രാം റീലുകളും സിനിമാ ഡയലോഗുകളും- ചൊവ്വാഴ്ച രാത്രി ഡല്‍ഹി ഭജന്‍പുരില്‍ ബൈക്ക് യാത്രികനായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതിയായ മുഹമ്മദ് സമീര്‍ എന്ന 'മായ'യേക്കുറിച്ചുള്ള വിവരങ്ങളാണിത്. ഇന്‍സ്റ്റഗ്രാമില്‍ 2000-ൽ അധികം ഫോളോവേഴ്‌സുള്ള ഈ പതിനെട്ടുകാരന്റെ ബയോയും അല്‍പം കടുപ്പമാണ്. 'ഞാനൊരു കുപ്രസിദ്ധനാണ്, ഖബറിടമാണ് മേല്‍വിലാസം, ജീവിക്കാനുള്ള പ്രായമാണ് എന്റേതെങ്കിലും ഞാന്‍ മരണമാഗ്രഹിക്കുന്നു', ബയോയില്‍ കുറിച്ചിരിക്കുന്നതിങ്ങനെ. 

മുഹമ്മദ് സമീറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൊന്ന് കണ്ണോടിച്ചാല്‍ മോടിയേറിയ വസ്ത്രങ്ങളണിഞ്ഞ് വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത് കാണാം. ഒരു സാധാരണ കൗമാരക്കാരനെപ്പോലെ സ്വന്തം ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതില്‍ ഏറെ തല്‍പരനാണ് മുഹമ്മദ് സമീര്‍. എന്നാല്‍, king_maya__302 എന്ന പേജിൽ നിറയുന്നത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളും മദ്യക്കുപ്പികളുമെല്ലാമാണ്.

മായ ഗ്യാങ് എന്ന് കുറിച്ച മറ്റൊരു റീലില്‍ പത്തിലധികം കൗമാരക്കാരായ ആണ്‍കുട്ടികളെ കാണാം. ജയില്‍ എന്നു പേരിട്ട ഒരുറീലില്‍ അഴികള്‍ക്ക് പിറകില്‍ നില്‍ക്കുന്ന ചെറുപ്പക്കാരുടെ ഒരു സംഘമാണുള്ളത്. കൗമാരക്കാരുടെ ഒരു സുഹൃദ്‌സംഘത്തിന്റെ വെറും ഷോ അല്ല ഈ റീലുകള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയെ ഭീതിയിലാഴ്ത്തുന്ന ഒരു കുപ്രസിദ്ധകുറ്റവാളി സംഘമാണിതെന്ന് പോലീസ് പറയുന്നു. മായയെന്ന തലവന്റെ പേരിലാണ് സംഘം അറിയപ്പെടുന്നതും. മായ എന്ന മുഹമ്മദ് സമീറിനേയും പതിനെട്ടുകാരനായ കൂട്ടാളി ബിലാല്‍ ഗാനിയേയുമാണ് ഭജന്‍പുരില്‍ നടന്ന കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 

അടുത്തിടെയാണ് മുഹമ്മദ് സമീറിന് പതിനെട്ടുവയസ് തികഞ്ഞത്. ഇതിനോടകം നാല് കൊലപാതകങ്ങളില്‍ ഇയാളുടെ പങ്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടാളി ഗാനിയ്ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഗാനി കഴിഞ്ഞ കൊല്ലം നടന്ന ഒരു കൊലപാതകക്കേസിലും കവര്‍ച്ചക്കേസിലും പ്രതിയാണ്. ഗാനിയെ കുട്ടികളുടെ നിരീക്ഷണകേന്ദ്രത്തിലേക്ക് അയച്ചെങ്കിലും അവിടെനിന്ന് പുറത്തുകടന്ന് ഒരു വെല്‍ഡിങ് കടയില്‍ ജോലിക്കാരനായി തുടരുകയായിരുന്നു. 

മുഹമ്മദ് സമീറും സംഘവും നടത്തിയ ആക്രമണത്തില്‍ തലയില്‍ വെടിയേറ്റ ആമസോണ്‍ കമ്പനി ജീവനക്കാരനായ ഹര്‍പ്രീത് ഗില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗില്ലിന് ഒപ്പമുണ്ടായിരുന്ന ബന്ധു ഗോവിന്ദ്(32) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഇടുങ്ങിയ ഇടവഴിയില്‍ എതിര്‍ദിശകളിലെത്തിയ ബൈക്കുകളിലെ യാത്രക്കാര്‍ തമ്മില്‍ ബൈക്കിന് വഴി നല്‍കുന്നതുസംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. പാര്‍ട്ടി കഴിഞ്ഞ് രണ്ട് സ്‌കൂട്ടറുകളില്‍  മടങ്ങുകയായിരുന്ന മായ, ഗാനി, സൊഹെയ്ല്‍(23), മുഹമ്മദ് ജുനൈദ്(23), അദ്‌നാന്‍ (19) എന്നിവരും ഗില്ലും ഗോവിന്ദും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്നാണ് മായ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 

സംഭവത്തിന് ശേഷം അവിടെ നിന്ന് കടന്ന സംഘത്തെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയത്. സംഘത്തിലെ രണ്ടുപേര്‍ മുഖം മറച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: 'Maya Gang' Led By 18-Year-Old Behind Amazon Manager's Murder, Malayalam News