‘മോനെ അരുത്, ഞാനും ചാടും’, അമ്മയുടെ യാചനയും കേട്ടില്ല; പ്രിയപ്പെട്ടവരെ കാത്ത് വീട്ടിലൊരു നായമാത്രം

മുംബൈ: ഐഫോണിന് വേണ്ടിയുള്ള 18-കാരനായ മകന്റെ വാശിയിൽ ഒരു കുടുംബംതന്നെ ഇല്ലാതായ അതിദാരുണമായ സംഭവമാണ് മുംബൈയിൽ കഴിഞ്ഞദിവസം ഉണ്ടായത്. ആരെയും ഞെട്ടിക്കുന്ന സംഭവമാണ് തിസ്ഗാവിന് സമീപത്തുള്ള ഖാവ്ദ്യാ ദോംഗർ കുന്നിൽമുകളിൽ അരങ്ങേറിയത്. മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി യാചിക്കുന്ന അമ്മയുടെ ചിത്രം കണ്ടുനിൽക്കുന്നവരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. എന്നാൽ, മകൻ അതിനൊന്നും ചെവികൊടുത്തില്ല, ഒടുവിലത് മൂന്നുപേരുടെയും ദാരുണാന്ത്യത്തിൽ കലാശിച്ചു.
വെള്ളിയാഴ്ച തിസ്ഗാവിന് സമീപമുള്ള ഖാവ്ദ്യാ ദോംഗർ കുന്നിൽമുകളിൽ രാവിലെ 10 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുനാൽ ചന്ദ്‌വാഡെ, പിതാവ് മുരളീധർ, മാതാവ് സംഗീത എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഐ ഫോൺ വാങ്ങിയതിലെ ഇഎംഐയുമായി ബന്ധപ്പെട്ട തർക്കമാണ് ദുരന്തത്തിന് കാരണമായത്. കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ മകനെ പിന്തിരിപ്പിക്കുന്നതിനിടെ പിതാവും മകനും താഴേക്ക് പതിക്കുകയായിരുന്നു. പിന്നാലെ അമ്മയും ചാടി. മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
നാല് മാസങ്ങൾക്ക് മുമ്പാണ് കുടുംബം ഝൽത ഗ്രാമത്തിലെ ഏക്ദന്ത് നഗർ പ്രദേശത്ത് താമസം മാറിയെത്തിയത്. ദമ്പതിമാരും മകനുമടങ്ങുന്നതായിരുന്നു കുടുംബം. ഒപ്പം ഒരു നായയും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട് ജീവിക്കാനായിരുന്നു ഇവർക്ക് ഇഷ്ടമെന്ന് അയൽവാസികൾ പറയുന്നു. അധികമാരോടും അത്ര അടുപ്പം സൂക്ഷിച്ചിരുന്നില്ല. കൂടെ ഉണ്ടായിരുന്ന നായയെ ഇവർക്കെല്ലാവർക്കും വലിയ സ്നേഹമായിരുന്നു. വീട്ടിലടച്ച് പോയ തന്നെ പുറത്തിറക്കാൻ തന്റെ ഉടമസ്ഥരെത്തുമെന്ന പ്രതീക്ഷയോടെ ആ നായ ഇപ്പോഴും ജനാലയിൽ കൂടി അനങ്ങാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണെന്ന് അയൽവാസികൾ പറയുന്നു.
കുനാൽ അടുത്തിടെ ഒരു ഐഫോൺ വാങ്ങിയിരുന്നു. പണം തവണകളായി അടയ്ക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഫോൺ വാങ്ങിയത്. എന്നാൽ, ഇത് തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട് പിതാവുമായി തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് കുനാൽ കുന്നിലേക്ക് പോയി ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. പാറക്കെട്ടിന്റെ അരികിൽ നിൽക്കുന്ന കുട്ടിയെ കണ്ട് സമീപത്തുള്ളവരാണ് ആദ്യം പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, പിന്തിരിയാൻ കൂട്ടാക്കാത്തതിനെത്തുടർന്നാണ് മാതാപിതാക്കളും പോലീസും അഗ്നിരക്ഷാ സേനയും എത്തുകയായിരുന്നു. തുടർന്ന് നാല് മണിക്കൂറോളം നീണ്ട ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മകന് മുമ്പിൽ നിസ്സഹായതയോടെ മാതാവ് കൈകൂപ്പി യാചിച്ചു. എന്തുവേണമെങ്കിലും ചെയ്യാം, തിരികെ വരണമെന്ന് അപേക്ഷിച്ചു. എന്നാൽ അവന്റെ മനസ്സിളക്കാൻ അമ്മയുടെ കണ്ണീരിനായില്ല. മകനെ കൈപിടിച്ച് തിരികെ ജീവിതത്തിലേക്ക് നയിക്കാൻ പല തവണ മാതാവ് മുമ്പോട്ട് വന്നു. എന്നാൽ, അവനെ സമീപിക്കുംതോറും കൂടുതൽ അപകടകരമാം വിധത്തിൽ നിലയുറപ്പിക്കുകായിരുന്നു കുട്ടി. ഇതോടെ മാതാവടക്കം എല്ലാവരും പിന്മാറുകയായിരുന്നു. മകനോട് യാചിക്കുന്ന മാതാവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മകന്റെ മുമ്പിൽ തലകുമ്പിട്ട് അപേക്ഷിക്കുന്ന അമ്മയേയും ദൃശ്യങ്ങളിൽ കാണാം.
ഒന്നും ഏൽക്കുന്നില്ലെന്ന് കണ്ടപ്പോൾ താനും ചാവുമെന്ന് ആ അമ്മ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഈ സമയം കൂടെ ഉണ്ടായിരുന്നവർ അവരെ തിരികെ കൊണ്ടുവരികയായിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്ന് മകന് പലതവണ മാതാവ് ഉറപ്പ് നൽകിയെങ്കിലും അത് കേൾക്കാൻ കുനാൽ കൂട്ടാക്കിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
'അമ്മേ... ആരും എന്നെ ശ്രദ്ധിക്കുന്നില്ല. എനിക്ക് ജീവിക്കാൻ താത്പര്യമില്ല. എന്റെ ജീവിതത്തിന് ഒരു അർഥവുമില്ല. ഒന്നും നേരെയാകാൻ പോകുന്നില്ല', കുനാൽ അമ്മയോട് പറയുന്നതും വീഡിയോയിലുണ്ട്.
മകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും കുട്ടിയും താഴേക്ക് പതിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഇതുകണ്ട് തൊട്ടടുത്ത നിമിഷം മാതാവും പിന്നാലെ ചാടുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: A young man in Mumbai threatened suicide over an iPhone EMI payment dispute with his father., Despite the mother's desperate pleas and hours of rescue efforts, the tragic incident resulted in the loss of three family lives., The heartbreaking event took place at the Khavdya Dongar hill near Tisgaon.