ഹാരി ബോക്സർ അറസ്റ്റിൽ; പിടിയിലായത് ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ

വാഷിങ്ടൺ: യുഎസിൽ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി പ്രവർത്തിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹാരി ബോക്സർ അറസ്റ്റിലായി. ഇയാൾക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ നേരത്തെതന്നെ നിലനിൽക്കുന്നുണ്ട്.
സിനിമാ നിർമാതാവ് രോഹിത് ഷെട്ടിയുടെ വസതിക്ക് സമീപമുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഹാരി ഏറ്റെടുത്തിട്ടുണ്ട്. തുടർന്ന് നിരവധി ബോളിവുഡ് സിനിമാതാരങ്ങൾക്ക് ഭീഷണി നിറഞ്ഞ ശബ്ദ സന്ദേശങ്ങൾ ഇയാൾ അയച്ചതായി ആരോപണമുണ്ട്. ഗുണ്ടാസംഘാംഗങ്ങളായ ഹിമാൻഷു ഭാവു, നീരജ് ഫരീദ്പുരിയ എന്നിവരെ അമേരിക്കയിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇയാളുടെയും അറസ്റ്റ്.
രോഹിത് ഷെട്ടിയുടെ വസതിക്ക് പുറത്തുണ്ടായ വെടിവെപ്പിന് പിന്നാലെ സംവിധായകനെ ഭീഷണിപ്പെടുത്തുന്ന നിരവധി ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ഗുണ്ടാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നായിരുന്നു സന്ദേശങ്ങളിലെ മുന്നറിയിപ്പ്.
അത്തരമൊരു ശബ്ദസന്ദേശത്തിൽ അർജു ബിഷ്ണോയി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി ഹാരിയുടേയും ശുഭം ലൊങ്കറിന്റെയും പേരുകൾ പരാമർശിക്കുകയും വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം വെറുമൊരു ഷോർട് ട്രയിലർ ആണെന്നും സംഘത്തിന്റെ ശത്രുക്കളെ പിന്തുണയ്ക്കുന്നവർക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ശബ്ദ സന്ദേശത്തിലുണ്ടായിരുന്നു.
നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ്, 1998-ലെ കൃഷ്ണമൃഗവേട്ടക്കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനോട് പരസ്യമായി ശത്രുത പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ സൽമാൻ ഖാന്റെ പങ്കാണ് ബിഷ്ണോയ് വിരോധത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.