ആ ഈണമില്ലാതെ 'ഷോലേ'യുടെ ഓര്‍മ്മകള്‍ പൂര്‍ണ്ണമാവില്ലല്ലോ

നിലാമഴ പെയ്യുന്ന രാത്രി. ഠാക്കൂര്‍ ബല്‍ദേവ് സിങ്ങിന്റെ (സഞ്ജീവ് കുമാര്‍) ബംഗ്ലാവിന്റെ മട്ടുപ്പാവിലെ റാന്തല്‍ വിളക്കുകള്‍ ഒന്നൊന്നായി അണച്ചുകൊണ്ട് നടന്നുനീങ്ങുകയാണ് ശുഭ്രവസ്ത്ര ധാരിയായ രാധ (ജയഭാദുരി). തെല്ലകലെ ഠാക്കൂര്‍ സാഹിബിന്റെ ഔട്ട്ഹൗസിന്റെ ഉമ്മറപ്പടിയിലിരുന്ന് മൗത്ത് ഓര്‍ഗനില്‍ വിഷാദമധുരമായ ഏതോ ഈണം വായിക്കുന്നു ജയദേവ് (അമിതാഭ് ബച്ചന്‍). നിര്‍വചിക്കാനാവാത്ത ഒരു വിങ്ങലായി ജയ് മനസ്സില്‍ കൊണ്ടുനടക്കുന്ന രാധയോടുള്ള നിശബ്ദപ്രണയത്തിന്റെ തീവ്രത മുഴുവന്‍ നമ്മെ അനുഭവിപ്പിക്കുന്നു ആ നാദപ്രവാഹം. ഒപ്പം രാധയുടെ മനസ്സിനെ തരളിതമാക്കുകയും ചെയ്യുന്നു അത്. 'ഷോലേ'യില്‍ അമിതാഭിന്റെയും ജയഭാദുരിയുടെയും കഥാപാത്രങ്ങള്‍ ഒരുമിച്ചു വരുന്ന രംഗങ്ങളിലെല്ലാം ആവര്‍ത്തിക്കപ്പെടുന്നുണ്ട് നേര്‍ത്ത നൊമ്പരമുണര്‍ത്തുന്ന ആ ഈണം; ജയദേവിന്റെ അന്ത്യനിമിഷങ്ങളില്‍ വരെ.
ഒരു കൊച്ചു സംഗീതശകലത്തിന് എത്ര അനായാസം ഒരു കാലം തന്നെ പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. കഷ്ടിച്ച് ഒരു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ ഈണമാണ് 'ഷോലേ' മനസ്സില്‍ അവശേഷിപ്പിക്കുന്ന പ്രണയാര്‍ദ്രമായ ഓര്‍മ്മകളിലൊന്ന്. മൈസൂരിലെ ഏതോ തിയേറ്ററിന്റെ ഇരുട്ടില്‍ രമേഷ് സിപ്പിയുടെ 'ദേശി വെസ്റ്റേണ്‍' ചിത്രം വീര്‍പ്പടക്കി കണ്ടിരുന്ന എട്ടാം ക്ലാസുകാരന് എങ്ങനെ മറക്കാനാകും ആ ഈണം? ഒന്നാന്തരം ഗിറ്റാറിസ്റ്റ് കൂടിയായ ഭാനു ഗുപ്തയാണ് മൗത്ത് ഓര്‍ഗനില്‍ ആ സംഗീതശകലം വായിച്ചു റെക്കോര്‍ഡ് ചെയ്തതെന്നറിഞ്ഞത് ഒരു ദൂരദര്‍ശന്‍ ഡോക്യുമെന്ററിയില്‍ നിന്നാണ്. ഒപ്പം ഹൃദയസ്പര്‍ശിയായ ഒരനുഭവം കൂടി പങ്കുവെച്ചു അദ്ദേഹം.
Content Highlights: sholay movie mouth organ tune memories amitabh bachchan