'സാറ് ചീങ്കണ്ണിയിറച്ചി കഴിച്ചിട്ടുണ്ടോ?’ വിലപ്പെട്ട എന്തോ എനിക്ക് നഷ്ടമായത് പോലെയായിരുന്നു ചോദ്യം

അടുത്തടുത്ത് രണ്ട് അധ്യായങ്ങളിലായി നമ്മുടെ 'സ്വന്തം' കക്ഷിയുടെ കഥ വനപർവ്വത്തിൽ അച്ചടിച്ച് വന്നപ്പോൾ എനിക്കും തെല്ല് ആകാംക്ഷ ഉണ്ടായിരുന്നു. ഇനി പുള്ളിക്കാരന്റെ സഹധർമ്മിണിയെങ്ങാനും അത് വായിച്ച് അങ്ങേരുടെ തലയിൽക്കയറി പൊങ്കാലയിടുമോ എന്നതിലുപരി അതെന്നെ എങ്ങനെ ബാധിക്കും എന്നതായിരുന്നു ഏതൊരു മനുഷ്യനേയും പോലെ എന്റെ സ്വാഭാവികമായ ആകാംക്ഷ. അങ്ങനെ രണ്ടാഴ്ച കടന്നുപോയി. പ്രതീക്ഷിച്ചത് പോലെ അപകടമൊന്നും ഇതുവരെ ഉണ്ടായില്ല. എന്റെ ഫോണിന്റെ സ്‌ക്രീനിൽ അദ്ദേഹത്തിന്റെ നമ്പർ വീണ്ടും തെളിയുമോ എന്ന് അനൽപമായ ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. പ്രതികരണമൊന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ പതിയെ ഒരു ദിവസം അദ്ദേഹത്തിന്റെ നമ്പർ ഡയൽ ചെയ്ത് നോക്കി. മറുപടി എന്റെ പ്രതീക്ഷകൾക്ക് കടകവിരുദ്ധമായിരുന്നു.
'എങ്ങനെയുണ്ടായിരുന്നു ഞാൻ എഴുതിയത്? കണ്ടായിരുന്നോ? വീട്ടിൽ വൈഫ് കണ്ടായിരുന്നോ? വല്ല പ്രശ്‌നവും ഉണ്ടായോ?' വല്ലാത്ത ആവേശത്തിൽ ഒറ്റശ്വാസത്തിൽത്തന്നെ ഞാനത് മുഴുവൻ ചോദിച്ചു. 'ങ്ഹാ… കണ്ടായിരുന്നു.' വളരെ ശബ്ദം കുറച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തീർച്ചയായും അതത്ര രസത്തിലല്ല എന്നുറപ്പ്. പക്ഷേ, എനിക്ക് ആ ഉത്തരം മതിയാകുമായിരുന്നില്ല. കഴിഞ്ഞ ലക്കങ്ങളിലെ വനപർവ്വം വായിച്ചിട്ട് പലരും എന്നെ വിളിച്ചിരുന്നു. ചിലർ വാട്സാപ്പിലും മെസ്സഞ്ചറിലുമൊക്കെ സന്ദേശങ്ങൾ അയച്ചു. എന്തിന് ഫോൺ ചെയ്ത് ഞാൻ അന്നത്തെ എഴുത്തിലൂടെ ലക്ഷ്യംവച്ചതെന്ന് അവർ കരുതുന്ന ഒന്നുരണ്ട് ആളുകളുടെ പേരുകൾ എടുത്തുചോദിച്ച ചില വനംവകുപ്പ് ഉദ്യോഗസ്ഥന്മാരും ഉണ്ടായിരുന്നു. എന്നൊക്കെ പറയാൻ മനസ്സ് വെമ്പി. 'എന്നിട്ട് കൊള്ളാമോ? നിങ്ങളുടെ ഭാര്യ വായിച്ചപ്പോൾ അത് നിങ്ങളാണെന്ന് തിരിച്ചറിഞ്ഞോ?' അങ്ങനെയാണ് ഞാൻ ചോദിച്ചത്. അപ്പോഴും മറുവശത്ത് നിന്ന് കാര്യമായ പ്രതികരണം ഒന്നും ഇല്ലായിരുന്നു. ശ്ശെടാ… ഇതെന്താണ് പറ്റിയത്? സാധാരണയായി എന്റെ ഓരോ സുഹൃത്തുക്കൾ പറഞ്ഞ അനുഭവങ്ങൾ വായനക്കാരുമായി ഞാൻ പങ്കുവെയ്ക്കുമ്പോൾ അവ പബ്ലിഷ് ചെയ്ത് വന്നതിന് ശേഷം 'അവരെങ്കിലും' വലിയ ആവേശത്തിലാണ് വിളിക്കാറുണ്ടായിരുന്നത്. ആ സ്റ്റോറി അവർ ഒരുപാട് ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തെന്നും അവരുടെ സുഹൃത്തുക്കളുടെയൊക്കെ പ്രതികരണം അത്യന്തം ആവേശോജ്ജ്വലമായിരുന്നു എന്നുമൊക്കെ തട്ടിവിടാറുണ്ട്. അതൊക്കെ കേൾക്കുമ്പോൾ പേനയുന്താളനെന്ന നിലയിൽ നമ്മൾ അസ്സാരം വിജ്രംഭിച്ച് പോകുന്നതും പതിവാണല്ലോ.
Content Highlights: Reflections on the changing dynamics of the forest department in 2026., First-hand accounts of illegal fishing practices in reservoirs., The transition from traditional forest service culture to modern enforcement., Humorous and dramatic anecdotes from retired forest officials.