യു.ജി.സി.ചട്ടം കർശനമാക്കണമെന്ന നിർദേശം; സ്വാശ്രയ കോളേജ്‌ അധ്യാപകർക്ക്‌ ആശങ്ക

#Career desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കോട്ടയം: പുതിയ അധ്യയനവർഷംമുതൽ അധ്യാപകനിയമനങ്ങളിൽ യു.ജി.സി.ചട്ടം കർശനമായി പാലിക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ ആയിരക്കണക്കിന് അധ്യാപകർക്ക് ആശങ്ക. പരാതികളെത്തുടർന്നാണ്‌, സർവകലാശാലകളുമായി അഫിലിയേറ്റുചെയ്തിട്ടുള്ള എല്ലാ കോളേജിലും യു.ജി.സി. നിർദേശം പാലിക്കുന്നെന്ന് ഉറപ്പാക്കാൻ ചാൻസലർകൂടിയായ ഗവർണർ വൈസ് ചാൻസലർമാരോട് നിർദേശിച്ചത്.

നവംബറിൽ ഒരു സർക്കുലറിലൂടെയും കഴിഞ്ഞയാഴ്ച ആരോഗ്യ സർവകലാശാലയിൽ ചാൻസലർ വിളിച്ചുചേർത്ത, വൈസ്‌ ചാൻസലർമാരുടെ യോഗത്തിൽ നേരിട്ടും ഈ നിർദേശം നൽകി. ഇതോടെ അഫിലിയേഷൻ നിലനിർത്താൻ, പല സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ജി.സി. നിഷ്കർഷിക്കുന്ന നെറ്റ്‌/ പിഎച്ച്‌.ഡി. യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന ആശങ്കയുണ്ട്. സംസ്ഥാനത്തെ ആയിരത്തോളം സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം പേരെ ഇത് പ്രതികൂലമായി ബാധിക്കും.

മുമ്പ് സ്വാശ്രയ കോളേജുകളിൽ അധ്യാപക നിയമനം, അതത് കാലത്ത് സർവകലാശാലകൾ നിർദേശിച്ച യോഗ്യതയനുസരിച്ചായിരുന്നു. 20 വർഷത്തിലധികം സേവനം ചെയ്തവർക്ക് ജോലി നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം ഒഴിവാക്കാൻ ഇളവ് അനുവദിക്കണമെന്നാണ്‌ അധ്യാപകരുടെ ആവശ്യം. പുതുതായി നിയമിക്കപ്പെടുന്നവർക്കും അടുത്തിടെ ജോലിനേടിയ പ്രായംകുറഞ്ഞവർക്കും യു.ജി.സി. മാനദണ്ഡം ബാധകമാക്കി, ദീർഘകാലമായി ജോലിയിലുള്ളവർക്ക് യോഗ്യത നേടാൻ മതിയായ സമയം നൽകണം.

സർക്കാർ-എയ്ഡഡ് കോളേജുകളിൽ യു.ജി.സി. ശമ്പളം ലഭിക്കുന്നവർക്ക് വിവിധഘട്ടങ്ങളിൽ ഇളവുകൾ അനുവദിച്ചിരുന്നു. അങ്ങനെയിരിക്കെ, വളരെക്കുറഞ്ഞ ശമ്പളത്തിൽ വർഷങ്ങളായി സേവനംചെയ്യുന്ന സ്വാശ്രയമേഖലയിലെ അധ്യാപകരെ യോഗ്യതയുടെ പേരിൽ പുറത്താക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാകുമെന്ന്‌ അധ്യാപകർ പറയുന്നു.

ഏറെക്കാലം സർവീസുള്ളവരെ സർക്കാർ-എയ്ഡഡ് മേഖലയിലേതുപോലെ നിലവിലെ യു.ജി.സി. ചട്ടങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന്‌ സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ വഹാബ് ആവശ്യപ്പെട്ടു.

Content Highlights: Governor mandates strict adherence to UGC norms for all affiliated colleges., Potential risk of job loss for 20,000 teachers lacking NET/PhD qualifications., Teachers with 20+ years of experience demand exemptions similar to government-aided sectors., University Vice-Chancellors directed to ensure compliance to maintain affiliation.