അച്ഛൻ മരിച്ചപ്പോൾ വീട്ടിലെത്താൻ പണംനൽകിയത് നാട്ടുകാർ, അമ്മയ്‌ക്കൊപ്പം വളവിറ്റു; ഈ കളക്ടർ പ്രചോദനം

ഒന്നുമില്ലായ്മയില്‍നിന്ന് ജീവിതത്തില്‍ ഉയരങ്ങളിലേക്ക് കുതിച്ചവരുടെ അനുഭവകഥകള്‍ എന്നും പ്രചോദനമാണ്. ഇന്ത്യയിലെ ഗ്ലാമര്‍ ജോലികളിലൊന്നായ സിവില്‍ സര്‍വീസില്‍ അത്തരത്തില്‍ കഠിനപ്രയത്‌നത്തിലൂടെ എത്തിപ്പെട്ടവര്‍ ഒട്ടേറെപ്പേരുണ്ട്. അവരുടെ ജീവിതാനുഭവങ്ങളും സിവില്‍ സര്‍വീസിനായി നടത്തിയ പരിശ്രമങ്ങളും പലരെയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ് മഹാരാഷ്ട്ര സ്വദേശിയായ രമേഷ് ഗോലാപിന്റെ ഐ.എ.സിലേക്കുള്ള യാത്രയും.
മഹാരാഷ്ട്രയിലെ സോളാപൂരിലെ മഹാഗാവ് ഗ്രാമത്തിലായിരുന്നു രമേഷ് ഗോലാപിന്റെ ജനനം. സൈക്കിള്‍ റിപ്പയറിങ് കട നടത്തിയിരുന്ന അച്ഛന്‍ ഗോരഖ് ഗോലാപിന്റെ വരുമാനമായിരുന്നു അമ്മ വിമല്‍ ഗോലാപും നാലുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. എന്നാല്‍, അച്ഛന്റെ മദ്യപാനശീലം കുടുംബത്തെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. അമിതമായ മദ്യപാനത്തെത്തുടര്‍ന്ന് അച്ഛന്റെ ആരോഗ്യനില വഷളായതും കുടുംബത്തെ തളര്‍ത്തി. ഇതോടെയാണ് രമേഷിന്റെ അമ്മ വിമല്‍ വളകള്‍ വില്‍ക്കാന്‍ തുടങ്ങിയത്.
സമീപഗ്രാമങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച് വളകള്‍ വില്‍ക്കുന്നതായിരുന്നു രമേഷിന്റെ അമ്മ വിമല്‍ ഗോലാപിന്റെ ജോലി. ജീവിതച്ചെലവിനുള്ള പണം കണ്ടെത്താനായി അമ്മ കഷ്ടപ്പെടുന്നത് കണ്ട് രമേഷ് ഗോലാപും അമ്മയ്‌ക്കൊപ്പം വളക്കച്ചവടത്തിനിറങ്ങി. പോളിയോ ബാധിതനായ രമേഷ് ഗോലാപ് തെരുവുകളില്‍ അമ്മയ്‌ക്കൊപ്പം വളകള്‍ വിറ്റ് കുടുംബത്തിനായി വരുമാനം കണ്ടെത്തി.
സാമ്പത്തികപ്രയാസമുണ്ടായിരുന്നെങ്കിലും രമേഷ് തന്റെ പഠനം ഉപേക്ഷിച്ചിരുന്നില്ല. ബര്‍സിയില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രമേഷ് പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഓപ്പണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടി. ഇതിനിടെയാണ് അസുഖബാധിതനായിരുന്ന രമേഷിന്റെ അച്ഛന്റെ വിയോഗമുണ്ടായത്. അന്ന് ഗ്രാമത്തിന് പുറത്തായിരുന്ന രമേഷിന് മരണാനന്തരച്ചടങ്ങുകള്‍ക്കായി നാട്ടിലെത്താന്‍ പണം നല്‍കിയത് അയല്‍ക്കാരായിരുന്നു.
മെച്ചപ്പെട്ട ജീവിതസാഹചര്യത്തിനും ദാരിദ്ര്യത്തില്‍നിന്ന് മുക്തിനേടാനും മികച്ച വിദ്യാഭ്യാസവും മികച്ച ജോലിയും കിട്ടണമെന്ന് അന്നുതന്നെ രമേഷ് മനസിലുറപ്പിച്ചിരുന്നു. ബിരുദപഠനത്തിന് ശേഷം അങ്ങനെ 2009-ല്‍ അദ്ദേഹം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെയാണ് ഒരു തഹസില്‍ദാറെ അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ടായത്. ആ സംഭവത്തിന് ശേഷമാണ് രമേഷിന്റെ മനസ്സില്‍ സിവില്‍സര്‍വീസ് സ്വപ്‌നം മൊട്ടിട്ട് തുടങ്ങിയത്. പിന്നാലെ ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരിശീലനത്തിനായി പൂണെയിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ അമ്മയായിരുന്നു അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നല്‍കിയിരുന്നത്. എന്നാല്‍, 2010-ല്‍ ആദ്യതവണ പരീക്ഷയെഴുതിയപ്പോള്‍ രമേഷ് തോറ്റുപോയി. പക്ഷേ, അദ്ദേഹം ശ്രമം ഉപേക്ഷിച്ചില്ല. അങ്ങനെ 2012-ലെ പരീക്ഷയില്‍ ഓള്‍ ഇന്ത്യാതലത്തില്‍ 287-ാം റാങ്കുമായി രമേഷ് ഗോലാപ് ഇന്ത്യന്‍ സിവില്‍സര്‍വീസിലേക്ക് നടന്നുകയറി.
പോളിയോ ബാധിതനായ രമേഷ് ഗോലാപ് ഭിന്നശേഷിക്കാരുടെ ക്വാട്ടയിലാണ് സിവില്‍സര്‍വീസ് പരീക്ഷയില്‍ യോഗ്യതനേടുന്നത്. ഝാര്‍ഖണ്ഡ് കേഡറില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം നിലവില്‍ ഛത്ര ജില്ലയിലെ കളക്ടറാണ്.
Content Highlights: story of ramesh golap ias