'സ്റ്റാർട്ട് അപ്പുകൾ ഉടൻ പണത്തിനുള്ള മാർഗമല്ല'; മുന്നറിയിപ്പുമായി ഫ്ലിപ്കാർട്ട് മുൻ ജീവനക്കാരൻ

സ്റ്റാര്‍ട്ട് അപ്പുകളെ വളരെ പെട്ടെന്ന് ധാരാളം പണം സമ്പാദിക്കാനുള്ള മാര്‍ഗമായി കണക്കാക്കരുതെന്ന മുന്നറിയിപ്പുമായി മുന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ജീവനക്കാരനും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സി.ഇ.ഒയുമായ ഹര്‍ഷ് പൊഖര്‍ന. കഴിഞ്ഞ എട്ടുവര്‍ഷമായി തന്റെ കമ്പനി വിജയിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹര്‍ഷ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.കെ. ക്രെഡിറ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമാണ് അദ്ദേഹം.
'കുറഞ്ഞകാലം കൊണ്ട് ഒരുപാട് പണം സമ്പാദിക്കുക എന്ന ലക്ഷ്യവുമായി ഞാന്‍ ഫ്‌ളിപ്കാര്‍ട്ട് വിട്ട് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. ഞാന്‍ നോക്കുമ്പോള്‍, മറ്റ് സ്റ്റാര്‍ട്ട് അപ്പുകളുടെ സ്ഥാപകര്‍ ഫണ്ടിങ്ങിലൂടെ കോടികള്‍ സമ്പാദിക്കുകയാണ്. അത് എളുപ്പമാണെന്ന് ഞാന്‍ കരുത്. എന്നാല്‍ അതായിരുന്നില്ല യാഥാര്‍ഥ്യം', ഹര്‍ഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ആദ്യത്തെ രണ്ടുവര്‍ഷം മൂന്ന് വ്യത്യസ്ത ആശയങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടു. അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ തീര്‍ന്നു. അതിജീവിക്കാന്‍ ഫ്രീലാന്‍സായി ജോലി നോക്കി. കഴിഞ്ഞ എട്ടുവര്‍ഷമായി ഒ.കെ. ക്രെഡിറ്റ് ഉയര്‍ത്തിക്കൊണ്ടുവരുന്നു, ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ തുടര്‍ച്ചയായാണ് സ്റ്റാര്‍ട്ട് അപ്പ് സമം ഉടന്‍ വിജയം എന്നല്ലെന്ന് ഹര്‍ഷ് വ്യക്തമാക്കിയത്. അതൊരു ലോങ് ടേം ഗെയിമാണ്, ഉടന്‍ സമ്പന്നനാവാനുള്ള സ്‌കീമല്ല. ഒരു പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുണ്ടെങ്കില്‍ മാത്രം കളിയ്ക്കാനിറങ്ങുക. ഇല്ലെങ്കില്‍ നിരാശപ്പെടുമെന്നും ഹര്‍ഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: former Flipkart employee shares his 8-year startup journey, revealing the hard truths