സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വഴിയുള്ള നിയമനം കുത്തനെ കുറഞ്ഞു
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വഴി 2019-20 വര്‍ഷത്തില്‍ നടന്നത് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറവ് നിയമനങ്ങള്‍. 14,000ത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പോയവര്‍ഷം എസ്.എസ്.സി വഴി ജോലി ലഭിച്ചത്. കേന്ദ്ര സര്‍വീസില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ നികത്തുന്ന റിക്രൂട്ടിങ് ഏജന്‍സി ആണ് എസ്.എസ്.സി. 2014-15 മുതല്‍ ഇതുവരെ 228218 പേരാണ് കമ്മിഷന്‍ വഴി ജോലിയില്‍ പ്രവേശിച്ചത്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതാണ് കണക്കുകള്‍.
ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പ്രധാനമായും തിരഞ്ഞെടുപ്പ് നടത്തുന്നത്. വര്‍ഷാവര്‍ഷം ബിരുദ തലത്തില്‍ നടക്കുന്ന ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നടത്തുന്ന കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി പരീക്ഷ, പത്താം ക്ലാസ് തലത്തില്‍ നടത്തുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് പരീക്ഷ എന്നിവയില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആണ് പങ്കെടുക്കുന്നത്. ഇവയ്ക്കു പുറമേ കേന്ദ്ര സേന കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍, വിവിധ വകുപ്പുകളില്‍ സ്റ്റെനോഗ്രാഫര്‍, സെലക്ഷന്‍ പോസ്റ്റുകള്‍ തുടങ്ങിയവയ്ക്കും വര്‍ഷാവര്‍ഷം തിരഞ്ഞെടുപ്പു നടത്തുന്നു.
2019-20 വര്‍ഷത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ജോലി ലഭിച്ചത് 4300 പേര്‍ക്കാണ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതുകൊണ്ട് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയുള്ള നിയമനങ്ങളില്‍ വര്‍ധനവുണ്ട്.
Content Highlights: SSC reduced number of appointments in the recent year
Content Highlights: