രണ്ട് വര്‍ഷത്തിനിടെ ജീവനക്കാരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചു; രണ്ട് ലക്ഷ്യങ്ങളെന്ന് ഗെയിമിങ് കമ്പനി

ജീവനക്കാരുടെ ശമ്പളം വീണ്ടും ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി ജാപ്പനീസ് ഗെയിമിംഗ് ഭീമനായ സെഗ. സ്ഥിരം ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നും പുതുതായി നിയമനം ലഭിക്കുന്നവര്‍ക്കുള്ള പ്രാരംഭ ശമ്പളം വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. സോണിക് ദി ഹെഡ്ജ്ഹോഗ് അടക്കമുള്ളവയുടെ സ്രഷ്ടാക്കളാണ് സെഗ. 2023 ജൂലായില്‍ ജീവനക്കാരുടെ ശമ്പളം കമ്പനി 35 ശതമാനം വര്‍ധിപ്പിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാം തവണയാണ് വീണ്ടും വര്‍ധന.
2026 ഏപ്രില്‍ 1 മുതല്‍, നിലവിലുള്ള മുഴുവന്‍ സമയ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ ശരാശരി 10 ശതമാനം വര്‍ധനവുണ്ടാകും. ബോണസിന്റെ ഒരു ഭാഗം അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തുന്നതത് അടക്കമുള്ള ശമ്പളഘടനാ പരിഷ്‌കരിക്കുന്നതിലൂടെയാണ് ഇത് നടപ്പിലാക്കുക.
ശമ്പള വര്‍ധന നടപ്പാകുന്നതോടെ സെഗയില്‍ ചേരുന്നബിരുദധാരികളുടെ പുതിയ പ്രാരംഭ ശമ്പളം പ്രതിമാസം 300,000 യെന്‍ (ഏകദേശം 1.72 ലക്ഷം രൂപ) എന്നതില്‍ നിന്ന് 10 ശതമാനം വര്‍ധനയോടെ 330,000 യെന്‍ (ഏകദേശം1.89 ലക്ഷം രൂപ) ആയി മാറും.
ശമ്പള വര്‍ധനയ്ക്ക് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. വിലക്കയറ്റം പോലുള്ള സാമൂഹിക മാറ്റങ്ങള്‍ക്കിടയില്‍ ജീവനക്കാര്‍ക്ക് മനസമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ആഗോളതലത്തില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന് കഴിവുറ്റ മാനവവിഭവശേഷിയെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്നലക്ഷ്യവും രണ്ടാമതായി കമ്പനിക്കുണ്ട്.
കമ്പനിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും മാനവവിഭവശേഷി അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യത്തില്‍ അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ കമ്പനി വിവിധ രീതികളില്‍ ഞങ്ങളുടെ പേഴ്‌സണല്‍ സിസ്റ്റം പരിഷ്‌കരിക്കുകയാണെന്നും അവര്‍ അവകാശപ്പെടുന്നു.
സെഗയെ കൂടാതെ മറ്റ് നിരവധി ജാപ്പനീസ് കമ്പനികളും സമീപ വര്‍ഷങ്ങളില്‍ അവരുടെ ശരാശരി ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏപ്രിലില്‍ ഫ്രംസോഫ്റ്റ്വെയര്‍ തങ്ങളുടെ ജീവനക്കാരുടെ ശരാശരി അടിസ്ഥാന ശമ്പളം 11.8 ശതമാനം വര്‍ധിപ്പിച്ചിരുന്നു. പുതിയ ബിരുദധാരികളുടെ പ്രാരംഭ ശമ്പളം 260,000 യെന്‍ (1,678 ഡോളര്‍) എന്നതില്‍ നിന്ന് 300,000 യെന്‍ (1,937 ഡോളര്‍) ആയാണ് ഉയര്‍ത്തിയത്. ഈ വര്‍ഷം ആദ്യം ക്യാപ്കോം ജീവനക്കാരുടെ പ്രാരംഭ ശമ്പളം 300,000 യെന്‍ (1,937 ഡോളര്‍) ആയി വര്‍ദ്ധിപ്പിച്ചിരുന്നു.
Content Highlights: Japanese gaming giant Sega is boosting employee salaries by 10% starting April 2026. Discover the reasons behind the increase and how it impacts new hires.