സൗദിയില് ഫാര്മസി മേഖലയില് സ്വദേശിവത്കരണം ഇന്നുമുതല്: പ്രവാസി മലയാളികളെ ബാധിച്ചേക്കും

ജിദ്ദ: സൗദി അറേബ്യയിലെ ഫാര്മസി മേഖലയില് സ്വദേശിവത്കരണം ഞായറാഴ്ച പ്രാബല്യത്തിലാകും. ജനറല്, സ്പെഷ്യല് മെഡിക്കല് കോംപ്ലക്സുകളിലെ ഫാര്മസികളില് 35 ശതമാനവും ആശുപത്രികളിലെ ഫാര്മസികളില് 65 ശതമാനവുമാണ് സ്വദേശിവത്കരണം നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസനമന്ത്രാലയം അധികൃതര് അറിയിച്ചു. രാജ്യത്തെ ഫാര്മസി മേഖലയില് ജോലിചെയ്യുന്ന ഒട്ടേറെ പ്രവാസിമലയാളികളെ ഇത് ബാധിച്ചേക്കും.
ഫാര്മസ്യൂട്ടിക്കല് ഫാക്ടറികള്, മരുന്ന് മൊത്തവിതരണ കമ്പനികള്, ഗവേഷണസ്ഥാപനങ്ങള് എന്നിവയില് 55 ശതമാനം തൊഴിലുകള് സൗദി പൗരന്മാര്ക്ക് നീക്കിവെക്കണം. സൗദി പൗരന്മാരായ ഫാര്മസിസ്റ്റുകള്ക്ക് കുറഞ്ഞ ശമ്പളം 7,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഇവര്ക്ക് തൊഴിലില് ആവശ്യമായ റിക്രൂട്ട്മെന്റ്, പരിശീലനം എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്കും.
ഫാര്മസി മേഖലയിലെ 22 അംഗീകൃത തൊഴിലുകള് സ്വദേശിവത്കരണ പരിധിയില് ഉള്പ്പെടുന്നതാണ്. ജനറല് ഫാര്മസിസ്റ്റ്, ക്ലിനിക്കല് ഫാര്മസിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഫാര്മസിസ്റ്റ്, ഫാര്മസി ടെക്നീഷ്യന് എന്നിവ ഇതില് ഉള്പ്പെടും. 2024-ലെ കണക്കുപ്രകാരം സൗദിയില് ഏകദേശം 14,000 ഫാര്മസികള് പ്രവര്ത്തിക്കുന്നുണ്ട്. ഇതില് 85 ശതമാനം സ്വകാര്യ ഫാര്മസികളും 15 ശതമാനം ആശുപത്രികളിലും മെഡിക്കല് സെന്ററുകളിലും പ്രവര്ത്തിക്കുന്നവയുമാണ്.
Content Highlights: Saudi Arabia implements 35-65% Saudization in pharmacies, impacting expat pharmacists.