പ്രതിസന്ധികളിൽ ആത്മവിശ്വാസം കെെവിട്ടില്ല; 27-ാം റാങ്കോടെ ശ്രീശന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക്

എസ്.ശ്രീശൻ
എസ്.ശ്രീശൻ

പാലക്കാട്: കൂടുതൽ വിസ്തൃതമായൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് പാലക്കാട്ടുകാരൻ ശ്രീശനെ ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്കെത്തിക്കുന്നത്. ആത്മവിശ്വാസം കൈവിടാതെയുള്ള പരിശ്രമത്തിനൊടുവിൽ, 27-ാം റാങ്കാണ് പാലക്കാട് മണപ്പുള്ളിക്കാവ് സംഗമം റെസിഡന്റ്സ് കോളനി ‘സൗപർണിക’യിൽ ശ്രീശൻ എസ്. നേടിയത്. പ്രതിസന്ധികളിൽ ആത്മവിശ്വാസം കൈവിടാതെ ശ്രമം തുടർന്നതാണ് മികച്ച വിജയത്തിലേക്കെത്തിച്ചതെന്ന് ശ്രീശൻ കരുതുന്നു.

പാലക്കാട് ലയൺസ് സ്കൂൾ, തൃശ്ശൂർ നിർമലമാതാ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾപഠനം. തിരുവനന്തപുരം ഗവ. എൻജിനിയറിങ്‌ കോളേജിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷനിൽ ബി.ടെക് നേടി. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്ങിൽ-ഗേറ്റ്, അഖിലേന്ത്യാതലത്തിൽ 32-ാം റാങ്ക് നേടി. ഒ.എൻ.ജി.സി.യിൽ എൻജിനിയറായി ജോലിയിൽ ചേർന്നു.

സിവിൽ സർവീസിലൂടെ എത്തിച്ചേരാവുന്ന സേവനത്തുറകളെക്കുറിച്ചുള്ള തിരിച്ചറിവാണ് സിവിൽ സർവീസിനായി ശ്രമം നടത്താൻ പ്രേരിപ്പിച്ചത്. ഒ.എൻ.ജി.സി.യിലെ ജോലി രാജിവെച്ച് തിരുവനന്തപുരത്ത് ഐ.എ.എസ്. പരിശീലനത്തിന് ചേർന്നു. അതിനുമുമ്പേ ഐ.എ.എസിന് പരിശ്രമിച്ചുതുടങ്ങിയ സുഹൃത്തുക്കളുടെ നീക്കവും പ്രചോദനമായി. രണ്ടുതവണ ഐ.എ.എസ്. മെയിൻപരീക്ഷ കൈപ്പിടിയിലൊതുങ്ങാതെപോയെങ്കിലും ശ്രമം അവസാനിപ്പിച്ചില്ല. തുടർന്നാണ് ഫോറസ്റ്റ് സർവീസ് പരീക്ഷയെഴുതുന്നത്. അതുവരെ പഠിച്ചിട്ടേയില്ലാത്ത ഫോറസ്ട്രിയും ജിയോളജിയുമാണ് ഓപ്ഷണൽ വിഷയങ്ങളായി തിരഞ്ഞെടുത്തത്.

ബി.എസ്.എൻ.എൽ. സബ്ഡിവിഷണൽ എൻജിനിയറായി വിരമിച്ച എം. ശ്രീധരനുണ്ണിയുടെയും ആലത്തൂർ എംപ്ലോയ്‌മെന്റ‌്‌ എക്സ്ചേഞ്ചിലെ എംപ്ലോയ്‌മെന്റ് ഓഫീസർ സി.കെ. ആശയുടെയും മകനാണ്. സഹോദരി ശ്രീവിദ്യ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുന്നു.

Content Highlights: s sreeshan of palakkad gets 27th rank in forest service exam