ഇത് ആണുങ്ങളുടെ പണിയെന്ന് മാനേജര്‍; തിരുത്തിപ്പറയിച്ച് മർച്ചന്റ് നേവിയിലെ ആദ്യ വനിത ഇ.പി.ഒ

Romeeta Bundela /Instagram
Romeeta Bundela /Instagram

'നിങ്ങള്‍ എന്താണിവിടെ ഇത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള പണിയാണ്', തന്റെ കപ്പലിലെ ആദ്യ തൊഴില്‍ ദിവസം മാനേജറില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ റോമീറ്റ ബുന്‍ഡേലയെ വേദനിപ്പിച്ചെങ്കിലും തളര്‍ത്തിയില്ല. 2017 മുതല്‍ അവളൊരു ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. മഹരാഷ്ട്രക്കാരിയായ റൊമീറ്റ ഇന്ത്യയിലെ ആദ്യ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസ(ഇ.ടി.ഒ)റാണ്. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ മെര്‍സക്കിലാണ് റൊമീറ്റ ജോലി ചെയ്യുന്നത്. 20 പുരുഷന്മാര്‍ക്കിടയിലെ ഏക സ്ത്രീ ജീവനക്കാരിയെന്നത് ആദ്യം എല്ലാവരെയും ആശങ്കപ്പെടുത്തിയെങ്കിലും റൊമീറ്റയുടെ തൊഴില്‍ വൈദ​​ഗ്ധ്യത്തിൽ ഏവരും അതിശയപ്പെട്ടുപോയി.

ചെറുപ്പം മുതല്‍ കടലിനെയും കപ്പലിനെയും സ്‌നേഹിച്ചപ്പോഴും റൊമീറ്റയെ ഏവരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യാതൊരു മറുപടികള്‍ക്കും കാത്തു നില്‍ക്കാതെ അവള്‍ തന്റെ സ്വപ്‌നങ്ങള്‍ മുറുകെ പിടിച്ച് യാത്ര ആരംഭിച്ചു. ഇന്ത്യന്‍ നേവി സ്വപ്‌നം കണ്ടിരുന്ന റൊമീറ്റ അതിനായി ശ്രമിക്കാന്‍ ആരംഭിച്ചെങ്കിലും പലകാരണങ്ങളാല്‍ അത് നേടാനായില്ല. സമാന രംഗത്തെ ജോലി തിരച്ചിലിനൊടുവിലാണ് മർച്ചന്റ് നേവിയിലേക്ക് എത്തിപ്പെടുന്നത്. ടൊളനി മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അവിടെത്തെ ആദ്യ ഇ.ടി.എ. വനിത വിദ്യാര്‍ഥിയാണിവര്‍. 40 വിദ്യാര്‍ഥികള്‍ക്കിടെയിലെ ഒരെയൊരു വിദ്യാര്‍ഥിനി. 

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇവര്‍ ഈ രംഗത്ത് സജീവമാണ്. ഇ.ടി.ഒയില്‍ നിന്ന് സീനിയര്‍ ഇ.ടി.ഒയും പിന്നീട് പ്രമോഷന്‍ ലഭിച്ച് ജൂനിയര്‍ ഇലക്ട്രിക്കല്‍ സൂപ്രണ്ടന്റാവുകയും ചെയ്തു. യു.കെയിലെ പ്രശസ്തമായ ക്രൂയിസ് കമ്പനിയായ യു.കെ. കാര്‍ണിവലിലാണ് റൊമീറ്റ ഇപ്പോള്‍ ജോലി ചെയ്യുന്നത്. കപ്പലിലെ ഇലക്ട്രിക്കല്‍, കണ്‍ട്രാളിങ് ആന്‍ഡ് ഓട്ടോമേഷന്‍ എന്നിവയുടെയെല്ലാം എല്ലാം ചുമതല ഇ.ടി.ഒയ്ക്കാണ്. കപ്പലിലെ ഓരോ വൈദ്യുതി വയറുകളും ഇ.ടി.ഒയുടെ നീരീക്ഷണത്തിന് കീഴിലായിരിക്കും. കപ്പലിലെ എല്ലാം സിസ്റ്റവും കൃത്യമായ രീതിയില്‍ മുന്നോട്ട് പോവുന്നതില്‍ ഇ.ടി.ഒയുടെ ഇടപെടല്‍ വളരെ മുഖ്യമാണ്.

20 പുരുഷന്‍മാരുള്ള ഒരു കപ്പലിലായിരുന്നു ആദ്യത്തെ നിയമനം. പുരുഷന്‍മാര്‍ മാത്രമുള്ള ഒരിടത്ത് ഇത്രയും ഗൗരവകരമായ തൊഴില്‍ ചെയ്യാന്‍ ഒരു സ്ത്രീ എത്തിയത് ആര്‍ക്കും ഉൾക്കൊള്ളാനായില്ല. അതിനാല്‍ തന്നെ തണുപ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നിന്നെ കൊണ്ട് ഇതിനാകില്ലെന്ന് മേലധികാരികള്‍ ആവർത്തിച്ചുകൊണ്ടിരുന്നു.  നാല് മാസം കൊണ്ട് ഇതെല്ലാം തെറ്റായ ചിന്തയാണെന്ന് അവരെ കൊണ്ട് പറയിപ്പിക്കാന്‍ റൊമീറ്റയ്ക്കായി. മറ്റൊരു കപ്പലിൽ ജോലി ലഭിച്ച് ആ കപ്പലില്‍ നിന്ന് ഇറങ്ങുമ്പോള്‍ മികച്ച തൊഴിലാളിയെന്ന് സര്‍ട്ടിഫിക്കറ്റും റൊമീറ്റയ്ക്ക് മാനേജര്‍ സമ്മാനിച്ചു.

കോവിഡ് കാലത്ത് ഒൻപത് മാസത്തോളം ചൈനയില്‍ കപ്പലില്‍ തന്നെ തങ്ങേണ്ടി വന്നിരുന്നു. തൊഴില്‍ ജീവിതത്തിലെ കടുപ്പമേറിയ കാലമതായിരുന്നുവെന്ന് റൊമീറ്റ ഓര്‍ക്കുന്നു. ആര്‍ത്തവകാലത്ത് കൊടുംചൂടില്‍ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് കൂടുതല്‍ ഊര്‍ജമാണ് ലഭിച്ചതെന്നാണ് റൊമീറ്റ പറയുന്നത്. സ്വപ്‌നങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ എല്ലാം സുന്ദരമായി തീരുമെന്നാണ് റൊമീറ്റയുടെ അഭിപ്രായം. വെറുമൊരും 9-5 ജോലി തനിക്ക് ചേരില്ലെന്നും ലോകം ചുറ്റുന്ന ജോലിയാണ് തനിക്ക് ഇഷ്ടമെന്നും റൊമീറ്റ പറയുന്നു.

Content Highlights: Romeeta Bundela senior ETO at mechant navy