നല്ല യോഗ്യതയുണ്ട്, പക്ഷേ ജോലി തരാനാവില്ലെന്ന് കമ്പനി; 'പാവങ്ങൾക്കീ ഗതി വരുത്തല്ലേ'യെന്ന് ടെക്കി

മോശം ഉദ്യോഗാർത്ഥികളെയാണ് സാധാരണഗതിയിൽ കമ്പനികൾ അഭിമുഖത്തിനുശേഷം നിരസിക്കുക. ഉയർന്ന യോഗ്യതയും സർവോപരി നന്നായി ജോലിചെയ്യുന്നവരേയും ഏതെങ്കിലും കമ്പനി നിരസിക്കുമോ? ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ അനു ശർമ എന്ന യുവതി പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ട് പറയുന്നത്. നല്ല അനുഭവപരിജ്ഞാനമുള്ളതുകൊണ്ട് ഒരു കമ്പനി തനിക്ക് ജോലി നിഷേധിച്ചെന്നാണ് അനുവിന്റെ പോസ്റ്റിന്റെ ചുരുക്കം.
ഗൂഗിൾ ജീവനക്കാരിയും ഡൽഹി സ്വദേശിയുമാണ് അനു ശർമ. ജോലിക്കപേക്ഷിച്ച ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽനിന്നാണ് അനുവിന് വളരെ വിചിത്രമായ മറുപടി ലഭിച്ചത്. തങ്ങൾ നിർദേശിച്ചതിലും ഉയർന്ന യോഗ്യതയാണ് അനുവിനുള്ളതെന്ന് ബയോഡാറ്റ വിശകലനം ചെയ്തതിൽനിന്ന് മനസിലായെന്നാണ് കമ്പനി റിജക്ഷൻ ലെറ്ററിൽ പറയുന്നത്. ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പലപ്പോഴും ജോലി പൂർത്തീകരിക്കുന്നില്ല. കൂടാതെ ജോലിയിൽ പ്രവേശിച്ചതിനുശേഷം താമസിയാതെ രാജിവെയ്ക്കുന്നതായി തങ്ങൾക്കനുഭവമുണ്ടെന്നും കത്തിൽ പറയുന്നു.
വളരെ നല്ല ആളായതുകൊണ്ട് നിഷേധിക്കപ്പെടുമെന്ന് അറിയാമായിരുന്നോ എന്ന തലക്കെട്ടിലാണ് അനു ശർമ ഈ സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്.
നിരവധി പേരാണ് അനുവിന്റെ പോസ്റ്റിന് പ്രതികരണങ്ങളുമായെത്തിയത്. കൂടുതൽ യോഗ്യതയുള്ളതുകൊണ്ടല്ല, ഉയർന്ന റാങ്കിലുള്ള കോളേജിൽ നിന്നുള്ള ആളായതുകൊണ്ട് തനിക്കും സമാനമായ അനുഭവമുണ്ടായെന്ന് ഒരാൾ കമന്റ് ചെയ്തു. തനിക്ക് യോഗ്യത കൂടുതലായതുകൊണ്ട് ചിലപ്പോൾ കമ്പനി വിട്ടേക്കുമെന്ന് ബന്ധപ്പെട്ടവർ കരുതുന്നുവെന്നും യോഗ്യതക്കൂടുതലിന്റെ കാര്യം മൂന്ന് തവണ നടന്ന അഭിമുഖങ്ങളിൽ അവർ പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
Content Highlights: A Google employee, Anu Sharma, shared a job rejection letter