മേതിൽ രേണുകയ്ക്ക് അഭിമാനനേട്ടം; ആഫ്രിക്കയുടെ 'ക്രിയേറ്റീവ് വിഷനറി'യായി മലയാളി

#സ്വന്തം ലേഖിക
കേപ് ടൗണിൽ നടന്ന ചടങ്ങിൽ മേതിൽ രേണുക എ.ഡബ്ല്യു.ഐ.ഇ.എഫിന്റെ ക്രിയേറ്റീവ് വിഷനറി അവാർഡ് ഏറ്റുവാങ്ങുന്നു, മേതിൽ രേണുക (മേതിൽ ദേവിക പങ്കുവെച്ച ചിത്രം)| Photo: Instagram/@methildevika
കേപ് ടൗണിൽ നടന്ന ചടങ്ങിൽ മേതിൽ രേണുക എ.ഡബ്ല്യു.ഐ.ഇ.എഫിന്റെ ക്രിയേറ്റീവ് വിഷനറി അവാർഡ് ഏറ്റുവാങ്ങുന്നു, മേതിൽ രേണുക (മേതിൽ ദേവിക പങ്കുവെച്ച ചിത്രം)| Photo: Instagram/@methildevika

കോഴിക്കോട്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ കേപ് ടൗണിൽ കഴിഞ്ഞദിവസം നടന്ന ആഫ്രിക്ക വിമെൻ ഇനവേഷൻ ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഫോറം (എ.ഡബ്ല്യു.ഐ.ഇ.എഫ്) കോൺഫറൻസ് വേദി. ക്രിയേറ്റീവ് വിഷനറി അവാർഡിനായി, 54 ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നാമനിർദേശം ചെയ്യപ്പെട്ടവരിൽനിന്ന് ഫൈനൽ റൗണ്ടിലെത്തിയ മൂന്ന് വനിതകളുടെ പേര് അനൗൺസ് ചെയ്യുന്നു.

തുടർന്ന് അവതാരകയുടെ ചോദ്യം: ‘‘വിജയിയായി നിങ്ങൾ ആഗ്രഹിക്കുന്ന പേര് ആരുടേതാണ്...”

അപ്പോൾ സദസ്സിൽനിന്നൊരു പേരുയർന്നു -‘രേണുക’... അതെ, ഫോബ്‌സ് ആഫ്രിക്ക മാനേജിങ് എഡിറ്റർ മേതിൽ രേണുക -പിന്നാലെ പ്രഖ്യാപനമെത്തി. അങ്ങനെ അങ്ങ് ദൂരെ ആഫ്രിക്കയിൽ, ഏഷ്യയുടെ ഇങ്ങേയറ്റത്തെ കൊച്ചുകേരളത്തിൽനിന്നുള്ള ആ പേര് മലയാളികൾക്ക് അഭിമാനമായി.

വിവിധ മേഖലകളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച വനിതകൾക്കായി എ.ഡബ്ല്യു.ഐ.ഇ.എഫ്. നൽകുന്ന അവാർഡാണ് പാലക്കാട് രാമനാഥപുരം സ്വദേശിയായ മേതിൽ രേണുകയെ തേടിയെത്തിയത്. ആഫ്രിക്കയുടെ ഓൺട്രപ്രനേർഷിപ്പ്, ബിസിനസ് മേഖലകളിൽ രേണുക നൽകിയ മികവുറ്റ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം.

“പുരസ്കാരത്തെക്കാൾ സന്തോഷിപ്പിച്ചത് ആഫ്രിക്കയിലെ ആ സദസ്സിൽനിന്ന് മലയാളിയായ എന്റെ പേരുയർന്നപ്പോഴാണ്. എന്നെയും എന്റെ പ്രവർത്തനങ്ങളെയും കുറിച്ച് അറിഞ്ഞതുകൊണ്ടായിരിക്കുമല്ലോ അവർ ആ പേരു പറഞ്ഞത്. അതാണ് ഏറ്റവും അഭിമാനം തോന്നിയ നിമിഷം” -മേതിൽ രേണുക പറയുന്നു.

1996-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്നാണ് രേണുക ജേണലിസം ആൻഡ് മാസ്‌ കമ്യൂണിക്കേഷനിൽ കോഴ്‌സ് പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു ഏഷ്യൻ ഏജ്, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ ജോലിചെയ്തു. പിന്നീട് ദുബായിൽ രണ്ട് മാഗസിനുകളുടെ ഡെപ്യൂട്ടി എഡിറ്ററായി. തുടർന്ന്, സിങ്കപ്പൂരിലും ജോലിചെയ്ത ശേഷമാണ് 2012-ൽ സൗത്ത് ആഫ്രിക്കയിലെത്തിയത്.

ഭർത്താവ് അവിടെ ജോലിചെയ്തിരുന്നതിനാലാണ് രേണുകയും അങ്ങോട്ടുമാറിയത്. ഒരു ‘റോവിങ് ജേണലിസ്റ്റാ’യി ആഫ്രിക്ക മുഴുവൻ ചുറ്റിത്തിരിയുകയായിരുന്നു ലക്ഷ്യം. എന്നാൽ, അവിടെ കാത്തിരുന്നത് ഫോബ്‌സ് വിമെൻ ആഫ്രിക്കയുടെ മാഗസിൻ എഡിറ്റർ സ്ഥാനം. നാലുവർഷത്തിനകം ഫോബ്‌സ് ആഫ്രിക്കയുടെ മാനേജിങ് എഡിറ്ററായി. ആഫ്രിക്കയിലെ ഏറ്റവും വലിയ ഉച്ചകോടികളിലൊന്നായ ‘ഫോബ്‌സ് വിമെൻ ആഫ്രിക്ക ലീഡിങ് വിമെൻ സമ്മിറ്റ്’ സംഘടിപ്പിക്കുന്നതിന്റെ നേതൃനിരയിലും 12 വർഷമായി രേണുകയുണ്ട്.

എഴുത്തുകാരികൂടിയായ മേതിൽ രാജേശ്വരിയുടെയും പരേതനായ എൻ. രാജഗോപാലന്റെയും മകളാണ്. പ്രമുഖ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്റെ മരുമകളായ രേണുകയുടെ സഹോദരിമാരാണ് നർത്തകിയായ മേതിൽ ദേവികയും ബോസ്റ്റണിൽ ജോലിനോക്കുന്ന രാധികാ പിള്ളയും. പാലക്കാട്ടുകാരനായ ഭർത്താവ് വിമൽകുമാർ ഇപ്പോൾ ദുബായിലെ ഫിൻടെക് കമ്പനിയിൽ സി.ഇ.ഒ.യാണ്.

Content Highlights: Palakkad native and Forbes Africa Managing Editor Methil Renuka brought pride to Kerala by winning the prestigious Creative Visionary Award at the Africa Women Innovation and Entrepreneurship Forum (AWIEF) conference held in Cape Town, South Africa.