യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ 'മവാസോ 2025'; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീല്‍ അണിനിരത്തി കേരളത്തിലെ യുവജനങ്ങള്‍ക്ക് സംരംഭക മേഖലയില്‍ പ്രോത്സാഹനം നല്‍കുന്നതിനായി യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാര്‍ച്ച് 1, 2 തിയതികളിലായി തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ വച്ച് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ഫോര്‍ട്ട് കൊച്ചിയില്‍ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ആണ് 'മവാസോ 2025' എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവിലിന് തുടക്കം കുറിക്കുന്നത്. ആഫ്രിക്കന്‍ ഭാഷയായ സ്വാഹിലിയില്‍ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനര്‍ത്ഥം 'ആശയങ്ങള്‍' എന്നാണ്.
വിവിധ വകുപ്പ് മന്ത്രിമാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ. ഒ അനൂപ് അംബിക, മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വി. കെ. സി. ഗ്രൂപ്പ് സ്ഥാപകന്‍ വി. കെ. സി. മമ്മദ് കോയ കേരളത്തില്‍ നിന്നുള്ള പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യന്‍, റമീസ് അലി, വിമല്‍ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരന്‍, സജീഷ് കെ. വി., അഫ്‌സല്‍ സാലു, ജിസ് ജോര്‍ജ്ജ്, രജിത് രാമചന്ദ്രന്‍ തുടങ്ങി നിരവധിപ്പേര്‍ പരിപാടിയില്‍ അതിഥികളായെത്തും.
കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ് പാകപ്പെടുത്തി അവര്‍ക്ക് പുതിയ അവസരങ്ങള്‍ ഒരുക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ഡി. വൈ. എഫ്. ഐ ലക്ഷ്യമിടുന്നത്.
പിച്ചിങ് മത്സരങ്ങള്‍, സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട വര്‍ക് ഷോപ്പുകള്‍, വിദഗ്ധരുടെ സംഭാഷണങ്ങളും പാനല്‍ ചര്‍ച്ചകള്‍, വിവിധ സ്റ്റാര്‍ട്ടപ്പ് ഉല്പന്നങ്ങളെയും/ സേവനങ്ങളേയും പരിചയപ്പെടുത്തുന്ന എക്‌സിബിഷന്‍ ബൂത്തുകള്‍ എന്നിവ രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകും. പിച്ചിങ് മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഞ്ചു ടീമുകള്‍ക്ക് അര ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്ററേഷന്‍ അവസാന തീയതി ഫെബ്രുവരി 15 ആണ്.
ഫെസ്റ്റിവലിന്റെ ഭാഗമായി യൂത്ത് സ്റ്റാര്‍ട്ടപ്പ് ഐക്കണ്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2015 ന് ശേഷം സ്ഥാപിച്ച 45 വയസ്സിനു താഴെയുള്ള സ്റ്റാര്‍ട്ടപ്പ് ഉടമകള്‍ക്ക് നേരിട്ടോ സുഹൃത്തുക്കള്‍ക്ക് അവര്‍ഡിനായി വെബ്‌സൈറ്റ് വഴി നോമിനേഷന്‍ സമര്‍പ്പിക്കാം.
യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവിലിന്റെ പ്രചരണാര്‍ത്ഥം കേരളത്തിലെ വിവിധ കോളേജുകളില്‍ സംരംഭക മേഖലയെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തങ്ങളായ ആശയങ്ങളും അഭിപ്രായങ്ങളും കേള്‍ക്കാനും, സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ സെമിനാറുകള്‍ക്കും വര്‍ക്ഷോപ്പുകള്‍ക്കും ഇതിനോടകം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.
മാര്‍ച്ച് 1,2 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മവാസോ ഫെസ്റ്റിവലില്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രതിനിധിയായി പങ്കെടുക്കാം. മവാസോയുടെ വെബ്‌സൈറ്റ് വഴി 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്ത് ഫെസ്റ്റിവിലിന്റെ ഭാഗമാകാം. സറ്റാര്‍ട്ടപ്പ് സ്ഥാപകര്‍, വിദ്യാര്‍ഥികള്‍, സംരംഭക മോഹികള്‍, അക്കാദമിക് രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കും.
രജിസ്റ്ററേഷനും മറ്റു വിവരങ്ങള്‍ക്കും മവാസോയുടെ വെബ്‌സൈറ്റ് www.mawazokerala.com സന്ദര്‍ശിക്കാവുന്നതാണ്.
Content Highlights: mawazo youth startup festival