അന്ന് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയില്ലെന്ന് ചിന്തിച്ചു, ഇന്നിതാ ഓട്ടോ ഓടിക്കുന്നു; കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച യുവാവ് പറയുന്നു

കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് യുവാവ് പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ബെംഗളൂരു സ്വദേശിയായ രാകേഷ് ആണ് വീഡിയോ പങ്കിട്ടത്. ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന മറ്റുള്ളവര്‍ക്കും തനിക്ക് തന്നെയും ഒരു പ്രചോദനമാകുകയാണ് തന്റെ ലക്ഷ്യമെന്ന് രാകേഷ് വീഡിയോയില്‍ പറയുന്നു.
നിലവിലെ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഇത് സഹായകമാകുമെന്നാണ് രാകേഷ് വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്. 'ഇനി കോര്‍പ്പറേറ്റ് അടിമയല്ല, ഓട്ടോ ഡ്രൈവറാണ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പുതിയ തുടക്കത്തെ ഞാന്‍ ഭയപ്പെടുന്നില്ല, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവര്ക്കുള്ളതാണ് ഈ വീഡിയോ. ഒരിക്കല്‍ എല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് അതില്‍ നിന്ന് കരകയറാന്‍ കഴിയില്ലെന്ന് ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു.
എന്നാല്‍ ഞാനിതാ ഇവിടെ ഓട്ടോ ഓടിക്കുന്നു, ജീവിതത്തിന് എന്നെയങ്ങ് ഇല്ലാതാക്കിക്കളയാനോ പരാജയപ്പെടുത്താനോ കഴിയില്ല. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും അര്‍ഥവത്തായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഏറ്റവും പ്രധാനം.’ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ചിത്രീകരിച്ച വീഡിയോയില്‍ രാകേഷ് പറഞ്ഞു.
പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാകേഷ് സംസാരിച്ചു. ‘പണം പ്രധാനമാണ്, എന്നാല്‍ അതുമാത്രമല്ല ജീവിതത്തില്‍ പ്രധാനം. ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യവും മൂല്യവും കണ്ടെത്തണം. ജീവിതം ഒരു പ്രതിസന്ധി മുന്നോട്ട് വെച്ചാല്‍, അതിനെ നേരിടണം, അതില്‍നിന്ന് ഒളിച്ചോടുകയോ ഒളിക്കുകയോ ചെയ്യരുത്’ -രാകേഷ് പറഞ്ഞു.
ഒട്ടേറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്. രാകേഷിനെ പിന്തുണച്ചും പ്രചോദനം നല്‍കിയും ആളുകള്‍ കമന്റ് ചെയ്തു. താനും കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചുവെന്നും അത് എളുപ്പമായിരുന്നില്ലെങ്കിലും, പഠിക്കുന്നതിലും വളരുന്നതിലും സന്തോഷം കണ്ടെത്തിയെന്നും ഒരാള്‍ കുറിച്ചു.
രാകേഷിന്റെ ധൈര്യത്തെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും പലരും പ്രശംസിച്ചു. വലിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇത് പ്രചോദനമാണെന്നും ചിലര്‍ പ്രതികരിച്ചു.
Content Highlights: He quit a corporate job to drive an auto, facing challenges. Hear his inspiring journey of finding purpose and overcoming adversity.