പ്രസിദ്ധീകരിച്ചിട്ട് എട്ടുമാസം; ഒരു നിയമനംപോലുമില്ലാതെ കോഴിക്കോട് ജില്ലയിലെ LP അധ്യാപക റാങ്ക് പട്ടിക

കോഴിക്കോട്: പി.എസ്.സി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് എട്ടുമാസമായിട്ടും ഒരു നിയമനംപോലും നടക്കാത്തതിനാൽ പ്രതിസന്ധിയിലായി ജില്ലയിലെ എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ. 2022-25 കാലയളവിലുണ്ടായിരുന്ന പട്ടികയിൽനിന്ന് ഒരുവർഷത്തിനിടെ 100-ലധികം നിയമനങ്ങളും മൂന്നുവർഷംകൊണ്ട് 450-ലേറെ നിയമനങ്ങളും നടന്നിരുന്നു. എന്നാൽ, 2025 മേയ് 31-ന് നിലവിൽ വന്ന പുതിയ പട്ടികയിൽനിന്ന് ഇതുവരെ ഒന്നാം റാങ്കുകാരിക്കുപോലും ജോലി കിട്ടിയിട്ടില്ല.
വിരമിക്കലും സ്ഥലമാറ്റവും മറ്റുമായി ഒഴിവുകളുണ്ടായിട്ടും ആധാർ അധിഷ്ഠിത തലയെണ്ണലിൽ കുട്ടികൾ കുറഞ്ഞതിനാൽ ഡിവിഷനുകൾ ഇല്ലാതായതാണ് നിയമനങ്ങൾ നടക്കാത്തതിന്റെ കാരണം. മെയിൻ ലിസ്റ്റിൽ 606 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 530 പേരും ഭിന്നശേഷിവിഭാഗത്തിൽ 13 പേരുമുൾപ്പെടെ 1149 പേരാണ് പുതിയ റാങ്ക് പട്ടികയുള്ളത്. മെയിൻ ലിസ്റ്റിലെ ഒന്ന്, മൂന്ന് റാങ്കുകാർക്കും ഭിന്നശേഷിവിഭാഗത്തിലെ 13 പേർക്കും 2025 ജൂലായ് 23-ന് അഡ്വൈസ് മെമ്മോ ലഭിച്ചെങ്കിലും ഇതുവരെ നിയമനം കിട്ടിയിട്ടില്ല.
മേയ് 30-ന് അവസാനിച്ച പട്ടികയിൽനിന്ന് തസ്തികയില്ലാതെ പലർക്കും നിയമനം നൽകിയെന്ന് പുതിയ പട്ടികയിലുള്ളവർ ആരോപിച്ചു. ഇതിനുപുറമേ പഴയ പട്ടികയിൽനിന്ന് 13 പേർ അഡ്വൈസ് മെമ്മോ ലഭിച്ച് ജോലിക്കായി കാത്തിരിക്കുകയാണ്. കുട്ടികൾ കുറഞ്ഞ സാഹചര്യത്തിൽ അധ്യാപക അനുപാതം നിലവിലെ 1:30-ൽനിന്ന് 1:25 ആക്കുകയാണെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്താനാവുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ഇത്തവണ ഡിവിഷനുകൾ കുറഞ്ഞതിനാലാണ് ഒഴിവുകളില്ലാത്തതെന്നും അടുത്ത ജൂലായിൽ നടക്കുന്ന തസ്തികനിർണയത്തിൽ കൂടുതൽ ഒഴിവുണ്ടാവുകയാണെങ്കിൽ പുതിയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാനാവുമെന്ന് ഡി.ഡി.ഇ. ‘മാതൃഭൂമി’യോടു പറഞ്ഞു.
Content Highlights: Candidates in the Kozhikode LP School Teacher rank list are facing a severe crisis as not a single appointment has been made eight months after the list's publication. Despite having 1,149 candidates, including those with advice memos issued in July 2025, a decrease in student strength and subsequent loss of divisions have stalled the recruitment process.