ജല അതോറിറ്റി മീറ്റർ റീഡർ തസ്തിക; ഒഴിവുകൾ ആയിരത്തിലേറെ, നിയമനം ലഭിച്ചത് 94 പേർക്ക്

Photo: kwa.kerala.gov.in
Photo: kwa.kerala.gov.in

കൊല്ലം: ആയിരത്തിലേറെ ഒഴിവുകളുള്ള ജല അതോറിറ്റി മീറ്റർ റീഡർ തസ്തികയിൽ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് നിയമനം ലഭിച്ചത് 94 പേർക്കുമാത്രം. ഇതിൽ 18 ഒഴിവുകൾ റാങ്ക് പട്ടിക കാലാവധി അവസാനിക്കുന്നതിന് ഒരുദിവസംമുൻപാണ് റിപ്പോർട്ട് ചെയ്തത്.

റാങ്ക് പട്ടിക കാലാവധി അവസാനിച്ചത് ഓഗസ്റ്റ് 19-നാണ്. ജല അതോറിറ്റിയിലെ 39 ഓഫീസ് അറ്റെൻഡന്റ് തസ്തികകൾ പരിവർത്തനംചെയ്ത് 34 മീറ്റർ റീഡർ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റ് 18-ന് സർക്കാർ പുറപ്പെടുവിച്ചു. പരിവർത്തനംചെയ്തുള്ള തസ്തികയിൽ പകുതി ഒഴിവുകൾ സ്ഥാനക്കയറ്റംവഴിയുള്ളതും ബാക്കി പുതിയ നിയമനവുമായിരിക്കും. ഇതിനു പുറമേ ഒരു ഒഴിവുകൂടി റിപ്പോർട്ട്‌ ചെയ്തതിനാലാണ് റാങ്ക് പട്ടികയിൽനിന്ന് 18 പേർക്കുകൂടി നിയമനം ലഭിക്കുക.

ജൽജീവൻ മിഷൻ മുഖേനമാത്രം ഏതാണ്ട് 40 ലക്ഷത്തിലധികം കണക്‌ഷനുകളാണ് സംസ്ഥാനത്തുള്ളത്. പഞ്ചായത്തിൽ ഒന്നുവീതം മീറ്റർ റീഡർമാരെ നിയമിക്കുകയാണെങ്കിൽപ്പോലും ആയിരത്തിലധികം തസ്തിക വേണ്ടിവരും. 17 ലക്ഷം കണക്‌ഷനുകൾ ഉണ്ടായിരുന്ന സമയത്തെ 346 സ്ഥിരംതസ്തിക മാത്രമാണ് ഇപ്പോഴുമുള്ളത്. കുടുംബശ്രീ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ മുഖേന നിയമിച്ചിട്ടുള്ള 2,700 പേർ താത്‌കാലികാടിസ്ഥാനത്തിൽ ഇതേ തസ്തികയിൽ ജോലിചെയ്യുന്നുണ്ട്. ജൽജീവൻ മിഷൻ പദ്ധതി സംസ്ഥാനത്ത് പൂർത്തിയാകുന്നതോടെ കണക്‌ഷനുകളുടെ എണ്ണം 60 ലക്ഷമാകുമെന്നാണ് കരുതുന്നത്.

2024-ൽ ജല അതോറിറ്റി ബോർഡ് യോഗം അധിക സ്ഥിരംതസ്തികകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന യുവജന കമ്മിഷൻ കഴിഞ്ഞ ജൂലായ് ആദ്യം 200 തസ്തികകൾകൂടി ഉടൻ അനുവദിക്കണമെന്ന് സർക്കാരിനോട് ശുപാർശയും ചെയ്തിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. 300 പേർ ഉൾപ്പെട്ടതായിരുന്നു റാങ്ക് പട്ടിക

Content Highlights: Kerala Water Authority: Only 94 Meter Readers Appointed Despite 1000+ Vacancies