കോടതി ഉത്തരവിറങ്ങിയിട്ടും സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനം നീളുന്നു

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷിവിദ്യാർഥികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമിക്കാൻ കോടതി ഉത്തരവിട്ടിട്ടും നടപടിക്രമങ്ങൾ അനിശ്ചിതമായി നീളുന്നു.മാർച്ച് ഏഴിന് വന്ന ഉത്തരവിൽ മൂന്നാഴ്ചയ്ക്കുള്ളിൽ നിലവിലുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ സ്ക്രീനിങ് നടത്തി 12 ആഴ്ചയ്ക്കകം സേവന-വേതനവ്യവസ്ഥ നിശ്ചയിച്ച് സ്ഥിരം നിയമനം നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, മേയ് 20-നുമാത്രമാണ് സ്ക്രീനിങ് കമ്മിറ്റിയെ നിയമിച്ചത്. ഇനി സ്ക്രീനിങ് പൂർത്തിയാക്കി എന്ന് നിയമനം നൽകുമെന്ന ചോദ്യമാണുയരുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1.2 ലക്ഷം ഭിന്നശേഷിവിദ്യാർഥികളുണ്ടെന്നാണ് സർക്കാർ, സുപ്രീംകോടതിയിൽ അറിയിച്ചത്. അവരെ പഠിപ്പിക്കാനായി ആകെയുള്ളത് 2700-ൽപ്പരം അധ്യാപകർമാത്രം. ഇതിന്റെ നാലിരട്ടിയോളം സ്പെഷ്യൽ എജുക്കേറ്റർമാർ വേണമെന്നാണ് ചട്ടം. ഭിന്നശേഷിവിദ്യാർഥികളുടെ ഇത്തരം അവകാശനിഷേധവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി സുപ്രീംകോടതിയിൽ കേസ് നടക്കുന്നുണ്ട്. കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെ ഹർജി നൽകിയിരുന്നു.കേന്ദ്രമാനദണ്ഡപ്രകാരം പ്രൈമറി സ്കൂളിൽ 10 കുട്ടികൾക്ക് ഒന്നും സെക്കൻഡറിയിൽ 15 പേർക്ക് ഒന്നും എന്ന കണക്കിലാണ് സ്പെഷ്യൽ എജുക്കേറ്റർമാർ വേണ്ടത്.
ഒരു സ്പെഷ്യൽ എജുക്കേറ്റർ രണ്ട് സ്കൂളുകളിലും വീടുകളിൽ കഴിയുന്ന കുട്ടികളെ അവിടെപ്പോയും പരിശീലിപ്പിക്കണം. തുടർച്ചയായ പരിശീലനം അത്യാവശ്യമാണെങ്കിലും അത് സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.സംസ്ഥാന ഭിന്നശേഷി കമ്മിഷണർ, പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ), പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ, എസ്എസ്കെ പ്രോജക്ട് ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് സർക്കാർ ഉണ്ടാക്കിയത്. നിലവിലുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ ആർസിഐ രജിസ്ട്രേഷനുൾപ്പെടെയുള്ള യോഗ്യതകൾ ഈ കമ്മിറ്റി പരിശോധിക്കും.
അധ്യയനവർഷം തുടങ്ങി രണ്ടാഴ്ചയായിട്ടും എവിടെയും സ്ക്രീനിങ് നടന്നിട്ടില്ലെന്നാണ് സ്പെഷ്യൽ എജുക്കേറ്റർമാർ പറയുന്നത്.കൂടാതെ, സാമ്പത്തികപ്രതിസന്ധി കാരണം എസ്എസ്കെയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ആലോചിക്കുന്നുണ്ട്. അതും തങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണിവർ. ഇനി ജൂലായിലാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.
Content Highlights: Kerala Delays Special Educators` Appointments