എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷിനിയമനം ഉറപ്പാക്കാൻ സംസ്ഥാന, ജില്ലാ സമിതികൾ

Photo: freepik.com (Image credit hyperlinked below)
Photo: freepik.com (Image credit hyperlinked below)

എടപ്പാൾ: എയ്ഡഡ് വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാർക്ക് നാലുശതമാനം ഒഴിവുകൾ സംവരണംചെയ്ത കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ വരുന്നു. സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽനിന്ന് ഉദ്യോഗാർഥികളുടെ പട്ടിക തയ്യാറാക്കി റാങ്ക് പട്ടികയുണ്ടാക്കും. ഇത് സമന്വയ പോർട്ടൽ മുഖേന നിയമനത്തിന് ശുപാർശ ചെയ്യുകയാണ് സമിതിയുടെ ചുമതല.

വിദ്യാലയങ്ങളിൽ മാനേജ്‌മെന്റുകൾ മാറ്റിവെച്ച ഒഴിവുകൾ ജില്ലാ അടിസ്ഥാനത്തിൽ ഒരു യൂണിറ്റായി പരിഗണിച്ചാണ് നിയമന നടപടിയെടുക്കുക. ഈ ഒഴിവുകൾ വ്യവസ്ഥാപിതമാണോ എന്ന് എഇഒമാർ പരിശോധിച്ച് ഉറപ്പാക്കണം. പ്രൈമറി, സെക്കൻഡറി, നോൺ ടീച്ചിങ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിങ്ങനെ കാറ്റഗറികളാക്കി റാങ്ക് പട്ടിക തയ്യാറാക്കും.

ജോലി ലഭിക്കുന്നവരെ പരമാവധി അടുത്തുള്ള സ്കൂളുകളിൽ നിയമിക്കാനും, ജില്ലാതല സമിതി ശുപാർശ ചെയ്തവർ ജോലിയിൽ പ്രവേശിക്കാത്തപക്ഷം പട്ടികയിലെ അടുത്ത ഉദ്യോഗാർഥിയെ ശുപാർശ ചെയ്യാനുമുള്ള നടപടിയെടുക്കും. റൊട്ടേഷൻ അടിസ്ഥാനത്തിൽ നാലുശതമാനം സംവരണമാണ് സമിതി ഉറപ്പാക്കുക. ഒരേ ഒഴിവ് ഒന്നിലധികം ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ മുൻഗണന മാനദണ്ഡമാക്കി നിയമനം നൽകും. 2021 നവംബർ എട്ടിന് ശേഷമുണ്ടാകുന്ന ഒഴിവുകളിലാണ് ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തേണ്ടത്.

Content Highlights: 4% Reservation for Differently-Abled in Kerala Schools