സെക്രട്ടറിമാരില്ലാതെ 99 പഞ്ചായത്തുകൾ; നിയമിക്കാൻ പി.എസ്.സി., നടപടികൾ തുടങ്ങിയെന്ന് സർക്കാർ

മലപ്പുറം: സംസ്ഥാനത്തെ 99 ഗ്രാമപ്പഞ്ചായത്തുകൾ സെക്രട്ടറിമാരില്ലാതെ ഭരണസ്തംഭനത്തിൽ. ആകെയുള്ള 941 പഞ്ചായത്തുകളിൽ 119 ഇടത്ത് അസിസ്റ്റന്റ് സെക്രട്ടറിമാരുമില്ല. ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കലോടെയാണ് ഇത്രയേറെ കസേരകളിൽ ആളില്ലാതായത്. സുപ്രധാന ചുമതലയുള്ള തസ്തികകളിൽ ഉദ്യോഗസ്ഥരില്ലാതായതോടെ ഈ പഞ്ചായത്തുകളിലെ വികസന, നിർമാണ, ക്ഷേമ പ്രവർത്തനങ്ങൾ പലതും മുടങ്ങിയിരിക്കുകയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ് പല പഞ്ചായത്തുകളിലും. ദുരന്തനിവാരണമുൾപ്പെടെ വിവിധ ചുമതലകൾകൂടി വന്നതോടെ പഞ്ചായത്തുകളുടെ ജോലിഭാരം കൂടി. ഇപ്പോൾ പകർച്ചവ്യാധി വ്യാപനം തടയുന്ന ചുമതലയും പഞ്ചായത്തുകൾക്കാണ്. പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്നതിലും ജനങ്ങൾക്ക് സമയബന്ധിത സേവനം നൽകുന്നതിലും തടസ്സങ്ങളുണ്ട്.
ഏപ്രിൽ, മേയ് മാസങ്ങളിലായി 99 പഞ്ചായത്ത് സെക്രട്ടറിമാരും 124 അസിസ്റ്റന്റ് സെക്രട്ടറിമാരുമാണ് വിമരിച്ചത്. സെക്രട്ടറിമാരെ പി.എസ്.സി. വഴിയും സ്ഥാനക്കയറ്റത്തിലൂടെയുമാണ് നിയമിക്കുക. അസിസ്റ്റന്റ് സെക്രട്ടറി ഒഴിവുകൾ സ്ഥാനക്കയറ്റത്തിലൂടെയും നികത്തും. അഞ്ച് അസിസ്റ്റന്റ് സെക്രട്ടറിമാരുടെ ഒഴിവുകൾ മാത്രമാണ് ഇതിനകം നികത്തിയത്. 10 സെക്രട്ടറിമാരെ നിയമിക്കാൻ പി.എസ്.സി. നടപടി തുടങ്ങി. സീനിയോറിറ്റി പട്ടിക പരിശോധിച്ച് സ്ഥാനക്കയറ്റം നൽകിയാൽ മാത്രമേ ബാക്കി കസേരകളിൽ ആളെത്തൂ. അതിനുള്ള നടപടികൾ തുടങ്ങിയെന്നാണ് സർക്കാർ വിശദീകരണം.
കൂടുതൽ എറണാകുളത്തും പാലക്കാടും
സെക്രട്ടറിമാരില്ലാത്ത പഞ്ചായത്തുകൾ കൂടുതൽ എറണാകുളം, പാലക്കാട് ജില്ലകളിലാണ്. ഇരു ജില്ലകളിലും 13 പഞ്ചായത്ത് സെക്രട്ടറിമാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുന്നു.
കോഴിക്കോട്-12, തൃശ്ശൂർ-ഒൻപത്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ-ഏഴ്, ഇടുക്കി, മലപ്പുറം, കണ്ണൂർ-ആറ്, കോട്ടയം-അഞ്ച്, വയനാട്, കാസർകോട്-നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സെക്രട്ടറിമാരില്ലാത്ത പഞ്ചായത്തുകൾ.
അസിസ്റ്റന്റ് സെക്രട്ടറി തസ്തികകൾ കൂടുതൽ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്താണ്. ഇവിടെ 17 പഞ്ചായത്തുകളിൽ ആളില്ല. എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ 11 പഞ്ചായത്തുകളിലും അസിസ്റ്റന്റ് സെക്രട്ടറിമാരില്ല. കൊല്ലം-10, കണ്ണൂർ-ഒൻപത്, തൃശ്ശൂർ-എട്ട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി-ഏഴ്, തിരുവനന്തപുരം-ആറ്, കോട്ടയം, കോഴിക്കോട്, വയനാട്-അഞ്ച് എന്നിങ്ങനെയും ഒഴിവുണ്ട്.
Content Highlights: 99 Grama Panchayats in Kerala are currently without secretaries., 119 Panchayats lack assistant secretaries, causing developmental stagnation., Vacancies arose following retirements in April and May., The government has initiated PSC recruitment and promotion processes to fill these gaps., Ernakulam and Palakkad districts are the most affected by these vacancies.