സംസ്ഥാനത്ത് 450 പേർക്ക് ഒരു ഡോക്ടർ, ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം; എണ്ണം കൂടുന്നത് തൊഴിലിനെ ബാധിക്കും

മലപ്പുറം: കേരളത്തിൽ മോഡേൺ മെഡിസിൻ ഡോക്ടർമാർ ഒരുലക്ഷത്തിലധികമായി. സംസ്ഥാനത്ത് ഇപ്പോൾ കുറഞ്ഞത് 450 പേർക്ക് ഒരു ഡോക്ടർ വീതമുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ കണക്കനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് 1,13,023 ഡോക്ടർമാരാണ്. ഇതിൽ ഒരു വിഭാഗം പേർ മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശങ്ങളിലോക്കോ പോയിട്ടുണ്ടെന്ന് കണക്കാക്കിയാലും 80,000 പേരെങ്കിലും ഇവിടെ പ്രാക്റ്റീസ് ചെയ്യുന്നു എന്നാണ് കരുതുന്നത്. കേരളത്തിലെ ജനസംഖ്യ 3.62 കോടി എന്നു കണക്കാക്കിയാൽ ഏതാണ്ട് 450 പേർക്ക് ഒരു ഡോക്ടർവീതമുണ്ട്്. ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
ഇതിൽ മൂന്നിലൊന്നോളവും 2020നു ശേഷമുള്ള രജിസ്ട്രേഷനാണ്. 2021 മുതൽ ഈ മാസം എട്ടാം തീയതി വരെ 34,141 പുതിയ ഡോക്ടർമാർ സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോഗ്യമേഖലയിലെ ആക്റ്റിവിസ്റ്റ് കൂടിയായ പയ്യന്നൂരിലെ ഡോ.കെ.വി.ബാബു വിവരാവകാശ നിയമപ്രകാരം കേരളമെഡിക്കൽ കൗൺസിലിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിവരങ്ങൾ.
ഒടുവിലത്തെ കണക്കനുസരിച്ച്, സംസ്ഥാനത്തുള്ള 33 മെഡിക്കൽ കോളേജുകളിലായി 5704 എം.ബി.ബി.എസ്. സീറ്റുകളാണുള്ളത്. ഓരോ വർഷവും അയ്യായിരത്തിലേറെ ഡോക്ടർമാർ കേരളത്തിൽ തന്നെ പഠിച്ചിറങ്ങുന്നു. രണ്ടായിരത്തോളം പേർ മറ്റു സംസ്ഥാനങ്ങളിലോ മറ്റുരാജ്യങ്ങളിലോ പഠമനം പൂർത്തിയാക്കി എത്തുന്നു. ഓരോ വർഷവും ഇത്രയും പേർ പുതുതായി പ്രാക്റ്റീസ് തുടങ്ങുന്നതോടെ കേരളത്തിൽ ഡോക്ടർമാർക്ക് തൊഴിൽ ഇല്ലാതാവുമെന്ന് ഡോ.ബാബു പറഞ്ഞു.
തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം തൊള്ളായിരത്തോളം മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. വൈകാതെ കേരളത്തിലും പല മെഡിക്കൽ കോളേജുകളിലും ചേരാൻ കുട്ടികൾ ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. പഠിക്കാൻ ആളില്ലാതെ എൻജിനീയറിങ് കോളേജുകൾ പൂട്ടിപ്പോയ നിലയിലേക്ക് മെഡിക്കൽ കോളേജുകളും എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സർക്കാർ മേഖലയിൽ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കാനും പ്രാഥമികാരോഗ്യതലം മുതലുള്ള മേഖലകൾ ശക്തിപ്പെടുത്താനുമുള്ള നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ.മേനോൻ പറഞ്ഞു.