രോഗികൾക്ക് ആനുപാതികമായി ഫാർമസിസ്റ്റുകളില്ല; പട്ടികയിൽ കാത്തിരിക്കുന്നത് 2306 പേർ,നിയമനം നടന്നത് 227

#ആതിര പ്രകാശ്
പ്രതീകാത്മക ചിത്രം |  AFP
പ്രതീകാത്മക ചിത്രം | AFP

കോട്ടയം: രോഗികളുടെ തിരക്കിന് ആനുപാതികമായി സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് നിയമനം നടത്തുമെന്ന വാഗ്ദാനം പാലിച്ചില്ല. 2306 പേർ പേർ പി.എസ്.സി. പട്ടികയിൽ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ നടന്നത് 227 പേരുടെ നിയമനം മാത്രം. ഒഴിവുകൾ ഇല്ലെന്നാണ് വകുപ്പ് പറയുന്നതെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു.

1961-ലെ സ്റ്റാഫ് പാറ്റേൺ പ്രകാരം ആദ്യത്തെ 300 ഒ.പി. രോഗികൾക്ക് ഒരു ഫാർമസിസ്റ്റ് വേണം. തുടർന്നുവരുന്ന ഓരോ 200 രോഗികൾക്കും ഒരു അധിക ഫാർമസിസ്റ്റും ഉണ്ടാകണം. ഓരോ 75 കിടക്കയ്ക്ക് ഒരു ഫാർമസിസ്റ്റാണ് വേണ്ടത്. എന്നാൽ 65 വർഷം പിന്നിട്ടിട്ടും ഇതുപോലും പാലിക്കുന്നില്ല. ഇൗ പാറ്റേൺ നടപ്പാക്കിയാൽ ഒരു ജില്ലയിൽ 25 തസ്തികയെങ്കിലും കിട്ടും.

പ്രതിദിനം 400 മുതൽ 800 വരെ രോഗികൾ സി.എച്ച്.സി.കളിലും 1000 മുതൽ 1500 വരെ രോഗികൾ താലൂക്ക് ആശുപത്രികളിലും എത്തുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ശരാശരി മൂന്നുപേരെങ്കിലും വേണം. നിലവിലുള്ളത് ഓരോ ഫാർമസിസ്റ്റ് മാത്രം. 90 ശതമാനം ആശുപത്രികളും താത്കാലിക നിയമനം നടത്തുന്നു. സ്വകാര്യമേഖലയിലും കാര്യമായ പിന്തുണ ഇവർക്കില്ല. ശുചീകരണജോലിക്ക് 16,000 രൂപ അവിടെ കിട്ടും. പക്ഷേ, ഫാർമസിസ്റ്റിന് 12,000 രൂപ മാത്രം.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ 300-ലധികം മരുന്നുകളും, താലൂക്ക് ആശുപത്രികൾ 500-ലധികം മരുന്നുകളും കൈകാര്യംചെയ്യണം. 2013-ൽ ജനറിക് മരുന്ന് പദ്ധതി ആരംഭിച്ചതോടെ ജോലി കൂടി. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ ആശുപത്രികളിൽ ഒരു ഫാർമസിസ്റ്റ്, ജോലി തീർക്കാൻ പാടുപെടും. ഇതുകൂടാതെ മറ്റ് നിരവധി ചുമതലകളുമുണ്ട്.

Content Highlights: Despite high patient footfall in government hospitals, over 2,300 candidates on the Kerala PSC pharmacist rank list await appointment as the health department delays filling vacancies based on outdated staffing patterns.